നാസിക്ക് മേല്‍ വിജയം നേടിയ ദിവസം : മെയ് 9ന് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ

കീവ് : ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധം രണ്ട് മാസത്തോടടുക്കുകയാണ്. ഇതുവരെ ആയിരത്തിലധികം സാധാരണക്കാരും അതിലധികം സൈനികരും നഷ്ടമായ ഉക്രെയ്‌നില്‍ തകര്‍ക്കപ്പെടാത്തതായി ഒന്ന് മാത്രമേ ശേഷിക്കുന്നുള്ളൂ. ഉക്രെയ്‌ന്റെ മനോധൈര്യം. ഉക്രെയ്‌ന്റെ ശക്തമായ പ്രതിരോധത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ റഷ്യയ്ക്ക് സംഭവിച്ചിട്ടുണ്ട് എന്നുള്ള അനേകം റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

ഇപ്പോഴിതാ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനകള്‍ റഷ്യ നല്‍കിയതായാണ് ഉക്രെയ്ന്‍ വെളിപ്പെടുത്തുന്നത്. മെയ് ഒമ്പതിനകം റഷ്യന്‍ സൈന്യം യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിപ്പിക്കുന്നുവെന്നാണ് ഉക്രെയ്‌ന്റെ വെളിപ്പെടുത്തല്‍. ഉക്രെയ്ന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ഈ ദിവസം റഷ്യ തിരഞ്ഞെടുത്തതിന് പിന്നില്‍ വ്യക്തമായി കാരണങ്ങളുമുണ്ടെന്നാണ് വിവരം.

നാസി ജര്‍മനിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ റഷ്യ വിജയം നേടിയ ദിവസമാണ് മെയ് 9. റഷ്യയില്‍ ഈ ദിനം വലിയ രീതിയിലാണ് ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ മെയ് ഒമ്പതിനകം യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുമ്പോഴും റഷ്യ ആക്രമണം അവസാനിപ്പിക്കുന്നില്ല. കീവ് അടക്കം ഉക്രെയ്‌ന്റെ തന്ത്ര പ്രധാന നഗരങ്ങളെല്ലാം തകര്‍ന്ന നിലയിലാണ്. യുദ്ധത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഉക്രെയ്‌ന്റെ സൈനിക ശേഷി കുറയ്ക്കാനായെന്നും റഷ്യ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു.

Exit mobile version