നാസി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെ മുങ്ങി : ജര്‍മനിയില്‍ 96കാരി അറസ്റ്റില്‍

ബര്‍ലിന്‍ : രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ നടത്തിയ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി യഥാസമയം ഹാജരാവാത്തതിന് ജര്‍മനിയില്‍ 96 വയസ്സുകാരി അറസ്റ്റില്‍. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ പീഡനങ്ങള്‍ക്ക് കൂട്ടുനിന്നെന്ന ആരോപണം നേരിടുന്ന ഇംഗാഡ് ഫര്‍ഷ്‌നറെയാണ് പിടികൂടിയത്.

കോടതിയിലേക്ക് വരാനായി അതിരാവിലെ ടാക്‌സിയില്‍ കയറിയ പ്രതി മറ്റെവിടെയോ പോകുകയായിരുന്നു. ഇതോടെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്ന് ഇവരെ പിടികൂടിയെങ്കിലും ഇവര്‍ക്ക് ശിക്ഷ നേരിടാനുള്ള ആരോഗ്യസ്ഥിതിയുണ്ടോയെന്ന പരിശോധനയിലാണ്. കോടതിയിലേക്ക് വരാന്‍ താല്പര്യമില്ലെന്ന് ഇംഗാഡ് മുമ്പ് പലതവണ പറഞ്ഞിട്ടുള്ളതായി കോടതി വക്താവ് ഫ്രഡറിക് മില്‍ഹോഫര്‍ അറിയിച്ചു. കേസ് വീണ്ടും 19ന് പരിഗണിക്കും.

സ്റ്റുട്ടോഫ് പീഡന ക്യാമ്പില്‍ 1943നും 45നും ഇടയില്‍ നടന്ന 11,412 കൊലപാതകങ്ങളിലെ പങ്കാളിത്തത്തിന്റെ പേരിലാണ് ഇംഗാഡ് വിചാരണ നേരിടുന്നത്. അക്കാലത്ത് ക്യാമ്പിലെ ടൈപ്പിസ്റ്റ് ആയിരുന്നു ഇവര്‍. ഡെന്മാര്‍ക്ക് അതിര്‍ത്തിക്ക് സമീപമുള്ള വടക്കന്‍ പട്ടണമായ ഇറ്റ്‌സോയിലാണ് വിചാരണ നിശ്ചയിച്ചിരുന്നത്. നാസികളെ അനുകൂലിച്ച് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൂട്ടക്കൊല നടപ്പാക്കാന്‍ സഹായിച്ചിട്ടുള്ളതായി കണ്ടെത്തിയാല്‍ കനത്ത ശിക്ഷയാണ് ജര്‍മനി നല്‍കി വരുന്നത്.

Exit mobile version