രാമക്ഷേത്രം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തുറക്കും : ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായി

Ram mandir | Bignewslive

ലഖ്‌നൗ : അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം ഭൂരിഭാഗവും പൂര്‍ത്തിയായി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡി ശിലാസ്ഥാപനം നിര്‍വഹിച്ച ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ആരംഭിച്ചത്. 2023 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മൂന്നുനിലയായി നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറയ്ക്ക് ബലം ഉറപ്പാക്കാന്‍ 47 അട്ടി കോണ്‍ക്രീറ്റ് ആണിട്ടിരിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിന് ശേഷം ഇളകിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നാല്‍പ്പതടി ആഴത്തില്‍ കുഴിച്ചെന്നും നിലം ഉറപ്പിച്ചതിന് ശേഷമാണ് കോണ്‍ക്രീറ്റ് ഇട്ടതെന്നും എല്‍ ആന്‍ഡ് ടി പ്രോജക്ട് മാനേജര്‍ ബിനോദ് മെഹ്ത വ്യക്തമാക്കി.

അസ്ഥിവാരത്തിന് അറുപതടി ഉയരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം നാലുലക്ഷം ഘനയടി കല്ലും രാജസ്ഥാനില്‍ നിന്നുള്ള മാര്‍ബിളുമാണ് ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കുക. 161 അടിയാണ് ക്ഷേത്രത്തിന്റെ ആകെ ഉയരമായി കണക്കാക്കുന്നത്. ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ 160 സ്തൂപങ്ങളുണ്ടാകും. ഒന്നാം നിലയില്‍ 132ഉം രണ്ടാം നിലയില്‍ 74ഉം വീതം സ്തൂപങ്ങളാണുള്ളത്. അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ടാകും.

Exit mobile version