ഈ നേട്ടം ടിപിക്ക് സമർപ്പിക്കുന്നു; യുഡിഎഫിനും വോട്ടർമാർക്കും നന്ദി; വടകരയിലെ മുന്നേറ്റത്തിൽ കെകെ രമ

കോഴിക്കോട്: വടകരയിലെ മുന്നേറ്റത്തിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞും നേട്ടം ടിപി ചന്ദ്രശേഖരന് സമർപ്പിച്ചും ആർഎംപി സ്ഥാനാർത്ഥി കെകെ രമ.

യുഡിഎഫിന്റെ നേതൃത്വവും പ്രവർത്തകരും നന്നായി പ്രവർത്തിച്ചു. അവർക്കുള്ള നന്ദി കൂടി ഈ ഘട്ടത്തിൽ അറിയിക്കുകയാണ്. പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. നല്ല രൂപത്തിലുള്ള ഭൂരിപക്ഷത്തിലേക്ക് വരുന്നുണ്ട്. ഇനിയും കുറച്ചു സമയം കൂടിയുണ്ട്. ഈ വിജയം താൻ ടിപി ചന്ദ്രശേഖരന് സമർപ്പിക്കുകയാണെന്നും കെകെ രമ പറഞ്ഞു.

നല്ലവരായ വോട്ടർമാരോട്, തന്നെ ഹൃദയത്തിൽ ചേർത്തുവെച്ചവരോട് ഈ ഘട്ടത്തിൽ നന്ദി പറയുകയാണ്. ശാന്തിയ്ക്കും സമാധാനത്തിനും വേണ്ടിയാണ് അവർ വോട്ടുചെയ്തത്. അരുംകൊലയ്‌ക്കെതിരെയുള്ള മറുപടിയാണ് ഇത്. കേരളത്തിലുടനീളം ഇടത് അനൂകൂല തരംഗം ഉണ്ടായപ്പോഴും ഇവിടെ നടന്ന കൊലപാതകത്തിനുള്ള മറുപടിയാണ് വടകരയിലെ ജനങ്ങൾ നൽകിയത്. ചരിത്രം പരിശോധിച്ചാൽ രണ്ട് തവണ മാത്രമാണ് മറ്റുപാർട്ടികൾ ഇവിടെ ജയിച്ചുപോന്നത്. ഇടതുമുന്നണിയുടെ മണ്ണാണ് ഇത്. അവിടെയാണ് ജയിച്ചുപോന്നതെന്നും രമ അഭിപ്രായപ്പെട്ടു.

പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോഴും രമ തന്നെയായിരുന്നു വടകരയിൽ മുന്നിൽ. നിലവിൽ 8000ലേറെ വോട്ടുകൾക്കാണ് കെകെ രമ മുന്നിട്ടുനിൽക്കുന്നത്. മനയത്ത് ചന്ദ്രനാണ് വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി.

Exit mobile version