വോട്ടു ചോദിച്ചെത്തിയ എംഎല്‍എയെ ഭക്ഷ്യയോഗ്യമല്ലാത്ത റേഷനരി കൊണ്ട് ആരതി ഉഴിഞ്ഞ് ജനങ്ങളുടെ പ്രതിഷേധം; ഞങ്ങളും മനുഷ്യരല്ലേ എന്ന് ചോദ്യം

ചെന്നൈ: വോട്ടുചോദിച്ചെത്തിയ എംഎല്‍എയെ ഭക്ഷ്യയോഗ്യമല്ലാത്ത റേഷനരി കൊണ്ട് ആരതി ഉഴിഞ്ഞ് ജനങ്ങളുടെ വ്യത്യസ്ത പ്രതിഷേധം. തമിഴ്‌നാട്ടിലെ റേഷന്‍ കടകളില്‍ സൗജന്യമായാണ് പാവപ്പെട്ടവര്‍ക്ക് അരി വിതരണം ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ജനങ്ങള്‍ക്ക് ലഭിക്കാറ് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണ്. ഈ സാഹചര്യത്തിലാണ് സിറ്റിംഗ് എംഎല്‍എയ്ക്ക് മോശം അരി കൊണ്ട് ആരതി ഉഴിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയത്. മധുരയിലെ ഒരു ഗ്രാമമാണ് വ്യത്യസ്ത പ്രതിഷേധം രേഖപ്പെടുത്തിയത്.

തമിഴ് ആചാരത്തിന്റെ ഭാഗമാണ് ആരതി ഉഴിയലെന്നത്. താലത്തില്‍ ഇളവന്‍ കുമ്പളം എന്നിവ വെച്ച് കര്‍പ്പൂരം കത്തിച്ച് അതിഥിയെ സ്വീകരിക്കും. പക്ഷേ, വോട്ട് ചോദിച്ചെത്തിയ അണ്ണാ ഡിഎംകെയുടെ ചോഴവന്താന്‍ സിറ്റിങ് എംഎല്‍എയെ തണ്ടലൈ ഗ്രാമക്കാര്‍ റേഷന്‍ അരി കൊണ്ട് ആരതി ഉഴിയുകയായിരുന്നു. ഞങ്ങളും മനുഷ്യരല്ലെ? എന്ന ചോദ്യവും ഇവര്‍ ചോദിക്കുന്നുണ്ട്.

ഈ അരി എങ്ങനെ വേവിച്ച് കഴിക്കുമെന്ന് ജനങ്ങള്‍ എംഎല്‍എയോടും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരോടും ചോദിക്കുകയും ചെയ്തു. നല്ല അരിപോലും നല്‍കാന്‍ കഴിയാതെ എന്തിന് ഭരിക്കുന്നുവെന്ന ചോദ്യത്തിന് എംഎല്‍എ മാണിക്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വോട്ട് ചോദിക്കാന്‍ മാത്രമെത്തിയാല്‍ പോരാ എന്നും മാണിക്യത്തോട് ഗ്രാമീണര്‍ രൂക്ഷ മറുപടി നല്‍കുകയും ചെയ്തു. ഒടുവില്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പ് കൊടുത്ത ശേഷമാണ് എംഎല്‍എയെ പ്രചാരണം തുടരാന്‍ അനുവദിച്ചത്.

Exit mobile version