ഉച്ചമയക്കം തടസ്സപ്പെടുത്തി കുട്ടികളുടെ ബഹളം; 12 വയസുകാരനെ ഓടിച്ചിട്ട് ക്രൂരമായി മർദ്ദിച്ച് അയൽക്കാരി; ഒടുവിൽ കേസ്

വാസ്‌കോ: ഉച്ചമയക്കം തടസ്സപ്പെടുത്തി ബഹളെ വെച്ച 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് അയൽക്കാരി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ അയൽക്കാരിക്കെതിരെ പോലീസ് കേസെടുത്തു. ഗോവയിലെ വാസ്‌കോ സ്വദേശിയായ അനിത(55)യ്‌ക്കെതിരെയാണ് കുട്ടിയുടെ പിതാവ് പരാതി നൽകിയത്.

ഉറക്കം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ് അനിത 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. 12കാരനും കൂട്ടുകാരും വീടിന് സമീപം സൈക്കിളുമായി കളിക്കുന്നതിനിടെയാണ് അനിത മർദിച്ചത്. ഉച്ചയ്ക്ക് ഉറങ്ങാൻ പോയ അനിതയ്ക്ക് കുട്ടികളുടെ ബഹളം കാരണം ഉറങ്ങാൻ കഴിഞ്ഞില്ല. ഇതോടെ ഇവർ വീടിന് പുറത്തിറങ്ങി 12കാരനെ വടി കൊണ്ട് അടിക്കുകയായിരുന്നു. അടി കൊണ്ട കുട്ടി സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഓടിയെങ്കിലും ഇവർ പിന്തുടർന്ന് പിടികൂടുകയും വീണ്ടും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.

ഇതുകണ്ടു വന്ന പ്രദേശവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ തലയിലും കൈകളിലും കഴുത്തിലും മർദനമേറ്റ പാടുകളുണ്ടെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ കുട്ടി വീട്ടിലെത്തിയപ്പോഴാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. തുടർന്ന് പിതാവ് ജോലിസ്ഥലത്തുനിന്ന് വന്നതിന് പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ മർദ്ദിച്ചതിനെതിരേ പ്രദേശത്ത് വ്യാപകമായ പ്രതിഷേധമാണുയർന്നത്. സ്ത്രീക്കെതിരേ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും ഇവർക്ക് മുൻകൂർ ജാമ്യം ലഭിച്ചതായാണ് റിപ്പോർട്ട്.

കുട്ടിയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം വലിയ ചർച്ചയാവുകയും ചെയ്തു.

Exit mobile version