സൂക്ഷിക്കണം പക്ഷാഘാതം; പ്രതിരോധവും രോഗലക്ഷണവും

പക്ഷാഘാതത്തിലേക്ക് നയിക്കുന്ന ശാരീരിക വ്യതിയാനങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ടതാണ്. പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പലതാണ്

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം എകദേശം 15 ദശലക്ഷംപേര്‍ പ്രതിവര്‍ഷം സ്ട്രോക്ക് അഥവാ പക്ഷാഘാതം നേരിടുന്നുവെന്നാണ്. ഇതില്‍ അഞ്ച് ദശലക്ഷം പേരും മരണത്തിലെത്തുന്നു. രോഗബാധിതരില്‍ അഞ്ചുലക്ഷം പേര്‍ക്ക് എന്നെന്നേക്കുമായി വൈകല്യം ബാധിക്കുന്നു. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഈ ഭയാനകമായ അവസ്ഥയെപ്പറ്റി വേണ്ടവിധത്തിലുള്ള അവബോധം ജനങ്ങള്‍ക്ക് ഇല്ല എന്നത് ഗുരുതരമായ പ്രശ്‌നമാണ്.

എന്താണ് പക്ഷാഘാതം ?

തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഉടന്‍ ഇവ അടയുകയോ ആന്തരികമായി രക്തസ്രാവം ഉണ്ടാകുകയോ ചെയ്യുന്നു. ഇതുമൂലം തലച്ചോറിലെ കോശങ്ങള്‍ തകരാറിലാവുകയും അത് വ്യത്യസ്തങ്ങളായ രോഗാവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയേണ്ടതും എത്രയും വേഗം ചികിത്സ ഉറപ്പ് വരുത്തേണ്ടതുമായ അപകടകരമായ അസുഖമാണ് പക്ഷാഘാതം.

പ്രധാനമായും രണ്ട് വിധമുള്ള പക്ഷാഘാതങ്ങളാണ് കാണപ്പെടുന്നത്.
1) ഇഷ്‌കീമിക് സ്ട്രോക്ക്
2) ഹെമറേജിക് സ്ട്രോക്ക്

ഇഷ്‌കീമിക് സ്ട്രോക്ക്
തലച്ചോറിലോ അല്ലെങ്കില്‍ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനികളിലോ കൊഴുപ്പ് അടയുകയും ഇത് രക്ത പ്രവാഹത്തിന് തടസം വരുത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് ഇഷ്‌കീമിക് പക്ഷാഘാതം ഉണ്ടാകുന്നു.

ഹെമറേജിക് സ്ട്രോക്ക്
തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുകയും ആന്തരികമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ഇതോടെ മസ്തിഷ്‌ക കോശങ്ങള്‍ നശിക്കുന്നു. ഇതാണ് ഹെമറേജിക് പക്ഷാഘാതത്തിന് കാരണം. ഏറ്റവും അപകടകരമായ അവസ്ഥയാണിത്. ചിലപ്പോള്‍ പെട്ടെന്നുള്ള മരണത്തിന് വരെ ഇത് കാരണമായേക്കാം. ഹെമറേജിക് പക്ഷാഘാതത്തിനുള്ള പ്രധാന കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തധമനികളുടെ ബലക്ഷയവുമാണ്.

പ്രധാന രോഗലക്ഷണങ്ങള്‍:

*മുഖത്തും കൈകാലുകളിലും അനുഭവപ്പെടുന്ന മരവിപ്പ്.
*കാഴ്ച മങ്ങുകയോ നഷ്ടപ്പെടുകയോ ചെയ്യുക.
*സംസാരിക്കാനോ, മറ്റുള്ളവര്‍ പറയുന്നത് മനസിലാക്കിയെടുക്കാനോ ബുദ്ധിമുട്ട് അനു ഭവപ്പെടുക.
*ശരീരത്തിന്റെ ഏതെങ്കിലും ഒരു വശത്ത് മാത്രം അനുഭവപ്പെടുന്ന മരവിപ്പ്.
*നടക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുക.
*കാരണങ്ങളില്ലാത്ത കഠിനമായ തലവേദന.

മേല്‍സൂചിപ്പിച്ചവയെല്ലാം പക്ഷാഘാത രോഗികളില്‍ കണ്ടുവരുന്ന രോഗലക്ഷണങ്ങളാണ്. മറ്റ് അസുഖങ്ങള്‍ കൊണ്ടു ഇത്തരം ലക്ഷണങ്ങള്‍ വരാമെന്നിരിക്കേ ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ വൈദ്യസഹായം തേടാവുന്നതാണ്

Exit mobile version