ജീവിക്കാന്‍ വഴിയില്ലാതായതോടെ വീടിന്റെ ആധാരം പണയം വെച്ച് വായ്പയെടുത്തു, അടച്ചുതീര്‍ത്തപ്പോള്‍ ആധാരം കാണാനില്ലെന്ന് ബാങ്ക്

എറണാകുളം: ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് നന്ത്യാട്ടുകുന്നം മേയ്ക്കാട്ട്പറമ്പ് തറയില്‍ ശാന്തകുമാരി തന്റെ വീടിന്റെ ആധാരം ബാങ്കില്‍ പണയം വെച്ചത്. ഒടുവില്‍ കഷ്ടപ്പെട്ട് പണം മുഴുവന്‍ തവണകളായി അടച്ചു തീര്‍ത്തപ്പോള്‍ ശാന്തകുമാരിക്ക് ആധാരം തിരികെ കിട്ടിയില്ല. നഷ്ടപ്പെട്ടുവെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.

ആധാരം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ബാങ്ക് അധികൃതര്‍ നല്‍കിയ മറുപടി കേട്ട് നെഞ്ചുതകര്‍ന്നിരിക്കുകയാണ് ശാന്തകുമാരിയുടേയും കുടുംബത്തിന്റേയും. 2010 മാര്‍ച്ചിലാണ് ശാന്തകുമാരി പറവൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ആധാരം പണയം വച്ചത്.

ഒരു ലക്ഷത്തില്‍ അറുപതിനായിരം രൂപയായിരുന്നു ആധാരം പണയെ വെച്ച് ഇവര്‍ വായ്പ എടുത്തത്. പതിമൂന്നര ശതമാനം പലിശയ്ക്ക് ആണ് വായ്പ എടുത്തിരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വായ്പ ശാന്തകുമാരി പൂര്‍ണമായും അടച്ചു തീര്‍ത്തു.

തുടര്‍ന്ന് ആധാരം തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. അന്ന് മുതല്‍ കഴിഞ്ഞ 20 മാസമായി ആധാരത്തിന് വേണ്ടി ബാങ്കില്‍ കയറി ഇറങ്ങുകയാണ് ശാന്തകുമാരി. പണയം വെച്ച ആധാരം ബാങ്കില്‍ നിന്നും നഷ്ടപ്പെട്ടു എന്നാണ് സഹകരണ ബാങ്കില്‍ നിന്നുമുള്ള വിശദീകരണം.

മാത്രമല്ല ആധാരം കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. ആധാരം ലഭിച്ചില്ലെങ്കില്‍ പരാതിക്കാരിക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ബാങ്ക് പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സഹായത്തോടെ വീട് പുതുക്കി പണിയുന്നതിനുള്ള പദ്ധതിക്ക് അപേക്ഷിക്കാനാണ് ശാന്തകുമാരി ലോണ്‍ അടച്ചു തീര്‍ത്ത് ആധാരം ആവശ്യപ്പെട്ടത്.

ആധാരം തിരികെ കിട്ടാതെ അത് നടക്കില്ല.ഈ സാഹചര്യത്തില്‍ വീട് പുതുക്കി പണിയാന്‍ എന്തുചെയ്യുമെന്നാണ് ശാന്തകുമാരിയുടെയും കുടുംബത്തിന്റെയും ചോദ്യം. ബാങ്കിന്റെ വീഴ്ചയ്ക്കെതിരെ സഹകരണ വകുപ്പിന് പരാതി നല്‍കി കാത്തിരിക്കുകയാണ് ശാന്തകുമാരിയും കുടുംബവും.

Exit mobile version