വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം, പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതില്‍; രമേശ് ചെന്നിത്തല

സമുദായങ്ങളേയും ജാതികളേയും തമ്മിലടിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ചെന്നിത്തല ആരോപിച്ചു

തിരുവനന്തപുരം: വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുളള ശ്രമമാണ് വനിതാ മതിലിലൂടെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല പ്രശ്‌നം ആളിക്കത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സമുദായങ്ങളേയും ജാതികളേയും തമ്മിലടിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ചെന്നിത്തല ആരോപിച്ചു. പട്ടേല്‍ പ്രതിമയുടെ പേരില്‍ ബിജെപി ചെയ്തത് പോലെ വനിതാ മതില്‍ ഉണ്ടാക്കി നവോത്ഥാനത്തിന്റെ പിതൃത്വം നേടാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോള്‍ വനിതാ മതിലിനായി ഇങ്ങനെ പണം ചെലവിടാമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. രാഷ്ട്രീയ പരിപാടികള്‍ക്ക് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യരുത്. സാമുദായിക സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ യോഗത്തിന്റെ മിനിട്‌സ് പുറത്തു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാടിനെതിരെ ഡിസംബര്‍ അഞ്ചിന് യുഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

‘കേരളത്തെ വീണ്ടും ഭ്രാന്താലമാക്കരുത്’ എന്ന മുദ്രാവാക്യത്തോടെ, നവോദ്ധാന പാരാമ്പര്യമുള്ള സംഘടനകളേയും നവോദ്ധാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവര്‍ഷ ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Exit mobile version