‘മരിക്കാൻ പാസ് വേണ്ടല്ലോ? എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്; നാട്ടിലേക്ക് വരുന്നത് കൊവിഡ് കൊണ്ടാണെന്ന ഒരു ധാരണയുണ്ട്’; കണ്ണുനിറച്ച് ആത്മഹത്യ ചെയ്ത മലയാളിയുടെ കുറിപ്പ്

ചെന്നൈ: ചെന്നൈയിലെ ജോലി സ്ഥലത്തുനിന്നും നാട്ടിലേക്ക് മടങ്ങാനിരുന്ന ബസ് പുറപ്പെട്ടതിനു പിന്നാലെ ജീവനൊടുക്കി മലയാളി യുവാവ്. സ്വദേശമായ വടകരയിലേക്ക് പോകാൻ പാസ് സംഘടിപ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം നാട്ടിൽ നിന്നും എത്തിയ ഫോൺ കോൾ കാരണം യാത്ര റദ്ദാക്കിയ മലയാളി യുവാവാണ് ആത്മഹത്യ ചെയ്തത്. ‘എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്. ഒരു മലയാളി നാട്ടിൽ വരുമ്പോൾ അവൻ കൊവിഡുമായാണ് വരുന്നതെന്ന ധാരണയുണ്ട്. രണ്ടു സർക്കാരും ട്രെയിൻ സർവീസ് നടത്തിയില്ല.’- ആത്മഹത്യ കുറിപ്പിൽ വടകര മുടപ്പിലാവിൽ മാരാൻമഠത്തിൽ ടി ബിനീഷ് (41) പറയുന്നതിങ്ങനെ.

കേരളത്തിലേക്ക് മടങ്ങാനാകാത്ത വിഷമത്തിലാണ് ബിനീഷ് ജീവനൊടുക്കിയതെന്ന് ചെന്നൈയിലെ സുഹൃത്തുക്കളും പറയുന്നു. ചൊവ്വാഴ്ച രാത്രി ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പോകാനാരിക്കെയാണ് യാത്ര റദ്ദായ വിഷമത്തിൽ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. ബിനീഷിനെ ബുധനാഴ്ച രാവിലെ ചെന്നൈയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊവിഡ് ഹോട്‌സ്‌പോട്ടായ ചെന്നൈയിൽനിന്ന് വീട്ടിലേക്ക് വരേണ്ടെന്ന് നാട്ടിൽനിന്ന് ആരോ ഫോണിൽ വിളിച്ച് ബിനീഷിനോട് പറഞ്ഞതായാണ് വിവരം. ഇതിന്റെ മനോവിഷമത്തിൽ യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു ബിനീഷ്.

ബിനീഷിന് കേരളത്തിലേക്കുള്ള പാസ് ലഭിച്ചിരുന്നു. ഇതോടെ ചൊവ്വാഴ്ച മലപ്പുറത്തേക്ക് പുറപ്പെട്ട ബസിൽ ബിനീഷിന് യാത്രാസൗകര്യമൊരുക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടയിൽ എത്തിയ ഫോൺ കോളിനുശേഷം ബിനീഷ് അസ്വസ്ഥനായിരുന്നുവെന്നും മുറിയിലുള്ളവർ പറയുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ബസ് പോയ ശേഷമാണ് ആത്മഹത്യ ചെയ്തത്.

ബിനീഷ് എത്തുമെന്നതിനാൽ സമ്പർക്കവിലക്കിൽ കഴിയുന്നതിനായി വടകരയിലെ വീട്ടിൽ സൗകര്യമൊരുക്കിയിരുന്നുവെന്ന് സഹോദരീ ഭർത്താവ് സജീവൻ പറഞ്ഞു. ബിനീഷിന്റെ ഭാര്യയും മകളും ഭാര്യയുടെ വീട്ടിലായിരുന്നു. പ്രായമായ അമ്മയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർച്ചിരുന്നതാണെന്നും സജീവൻ പറഞ്ഞു. ബിനീഷ് മൂന്നുവർഷമായി ചെന്നൈയിൽ ചായക്കടകളിൽ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ സെവൻ വെൽസ് പോലീസ് കേസെടുത്തു. പ്രവീണയാണ് ഭാര്യ. മകൾ ഗൗരികൃഷ്ണ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version