സര്‍ക്കാര്‍ തുണയായി: മംഗളൂരുവില്‍ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ഥികളെ സുരക്ഷിതമായി കാസര്‍കോട് എത്തിച്ചു

മംഗളൂരു: കര്‍ണാടകയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ സുരക്ഷിതമായി കാസര്‍കോട് എത്തിച്ചു. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തിയാണ് വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചത്.

വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ അഞ്ച് കെഎസ്ആര്‍ടിസി ബസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിരുന്നു. പോലീസ് സംരക്ഷണയിലാണ് ബസുകളില്‍ വിദ്യാര്‍ഥികളെ കേരളത്തിലെത്തിച്ചത്.

കാസര്‍ക്കോടെത്തിയ വിദ്യാര്‍ഥികളെ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇനിയും വിദ്യാര്‍ഥികള്‍ എത്താനുണ്ടെങ്കില്‍ അതിനുള്ള സൗകര്യവും
ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അവരെ സുരക്ഷിതരായി കേരളത്തിലെത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു.

പപൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് മംഗളൂരുവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ വിദ്യാര്‍ഥികള്‍ അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള ബസുകളിലാണ് വിദ്യാര്‍ഥികള്‍ മംഗലാപുരത്ത് നിന്ന് നാട്ടിലെത്തിയത്.

മംഗലാപുരത്ത് ഹോസ്റ്റലുകളില്‍ അടക്കം കുടുങ്ങിപ്പോയ പരമാവധി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുക എന്ന ഉദ്ദേശത്തിലാണ് ബസുകള്‍ അയച്ചത്. ഇന്റര്‍നെറ്റ് സൗകര്യമില്ലാതെയും, എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനാകാതെയും, കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെയാണ് സര്‍ക്കാര്‍ ഇടപെട്ട് സുരക്ഷിതമായി
നാട്ടിലെത്തിച്ചത്.

Exit mobile version