അച്ഛന്‍ ക്രിസ്ത്യാനി, അമ്മ ഹിന്ദു,വളര്‍ത്തിയത് മുസ്ലീമും, രേഖകളില്‍ എല്ലാം മതത്തിന്റെ കോളം ഒഴിച്ചിട്ടിരിക്കുന്നു; മതമാണോ തീരുമാനിക്കുന്നത് താന്‍ ഒരു ഇന്ത്യക്കാരിയാണോയെന്ന്?; ദിയ മിര്‍സയുടെ ചോദ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മാതാപിതാക്കളെല്ലാം വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണെന്നും താന്‍ ഒരു ഇന്ത്യക്കാരിയാണോയെന്ന് മതമാണോ തീരുമാനിക്കുകയെന്നും ദിയ മിര്‍സ ചോദിക്കുന്നു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്ത് ഒന്നടങ്കം പ്രതിഷേധം കൂടുതല്‍ കൂടുതല്‍ ശക്തമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരടക്കമുള്ള നിരവധി പേരാണ് പ്രതിഷേധ സ്വരമുയര്‍ത്തി രംഗത്തെത്തിയത്. ഇപ്പോഴിതാ പൗരത്വ നിയമ ഭേദഗതിയില്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി ദിയ മിര്‍സ. മാതാപിതാക്കളെല്ലാം വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണെന്നും താന്‍ ഒരു ഇന്ത്യക്കാരിയാണോയെന്ന് മതമാണോ തീരുമാനിക്കുകയെന്നും ദിയ മിര്‍സ ചോദിക്കുന്നു.

ട്വിറ്ററിലൂടെയാണ് ദിയ മിര്‍സ ഇക്കാര്യം പറഞ്ഞത്. ‘എന്റെ അമ്മ ഒരു ഹിന്ദുവാണ്, ജൈവശാസ്ത്രപരമായി അച്ഛന്‍ ഒരു ക്രിസ്ത്യാനിയാണ്. എന്നെ ദത്തെടുത്തത് ഒരു മുസ്ലീമാണ്. എന്റെ ഔദ്യോഗിക രേഖകളില്‍ എല്ലാം മതത്തിന്റെ കോളം ഒഴിച്ചിട്ടിരിക്കുകയാണ്. ഞാന്‍ ഒരു ഇന്ത്യക്കാരിയാണോയെന്ന് മതമാണോ തീരുമാനിക്കുക?, ഇത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല ‘ – എന്നുമാണ് ദിയ മിര്‍സ ട്വിറ്ററില്‍ കുറിച്ചത്. വണ്‍ ഇന്ത്യ എന്ന ഹാഷ് ടാഗോടെയാണ് ദിയയുടെ ട്വീറ്റ്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള ദിയ മിര്‍സയുടെ ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ട്വീറ്റിന് സമ്മിശ്രപ്രതികരണമാണ് കമന്റുകളായി ലഭിക്കുന്നത്. നിയമത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരാന്‍ ഈ ട്വീറ്റിന് സാധിച്ചു എന്നാണ് കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ തുടര്‍ച്ചയായി ഇടപെടുന്ന നടിമാരില്‍ ഒരാളാണ് ദിയ മിര്‍സ.

Exit mobile version