യുഎഇയില്‍ അപൂര്‍വ പ്രതിഭാസം ഡിസംബറില്‍; ദൃശ്യമാകുന്നത് 172 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി

172 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ ആകാശ പ്രതിഭാസത്തിന് യുഎഇ സാക്ഷ്യം വഹിക്കും

അബുദാബി: 172 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ ആകാശ പ്രതിഭാസത്തിന് യുഎഇ സാക്ഷ്യം വഹിക്കും. വരുന്ന ഡിസംബര്‍ 26ന് അപൂര്‍വമായി മാത്രം സംഭവിക്കുന്ന സൂര്യഗ്രഹണമാണ് യുഎഇയില്‍ ദൃശ്യമാകുന്നതെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍ പറഞ്ഞു.

ഇതിന് മുമ്പ് 1847നാണ് ഈ അപൂര്‍വ പ്രതിഭാസം അവസാനമായി ദൃശ്യമായത്. യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ഈ ഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്രലോകം വ്യക്തമാക്കി. അബുദാബിയിലെ ലിവയിലായിരിക്കും ഏറ്റവും നന്നായി കാണാനാവുന്നത്.

ഡിസംബര്‍ 26 വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതലാണ് ഗ്രഹണം ദൃശ്യമാകുന്നതെന്നാണ് ജ്യോതിശാസ്ത്ര വിദഗ്ധര്‍ അറിയിച്ചു. ഭൂമിയ്ക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ കടന്നുവരുന്നത് കാരണം സൂര്യനെ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സാധാരണ സൂര്യഗ്രഹണം.

എന്നാല്‍ ചില സമയങ്ങളില്‍ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാത്തതിനാല്‍ ചുറ്റും ഒരു വലയം ദൃശ്യമാകും. ഇതിനെയാണ് വലയ സൂര്യഗ്രഹണമെന്ന് വിളിക്കുന്നത്. കുറഞ്ഞ സമയം മാത്രം ദൃശ്യമാകുന്ന ഈ പ്രതിഭാസം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ലെന്ന് ശാസ്ത്രലോകം അറിയിച്ചു.

Exit mobile version