ലൈവ് റിപ്പോര്‍ട്ടിങിനിടെ ഐസ്‌ക്രീം മോഷ്ടിച്ചു; വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ഫോക്സ് സ്പോര്‍ട്സിന്റെ ലൈവ് റിപ്പോര്‍ട്ടിങിനിടെ യുവാവ് അടുത്ത് നിന്ന മറ്റൊരു യുവാവിന്റെ ഐസ്‌ക്രീം മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നത്

ന്യൂയോര്‍ക്ക്: ആരും കാണാതെ ചെയ്യുന്നതാണ് മോഷണം. എന്നാല്‍ ലൈവ് റിപ്പോര്‍ട്ടിങിനിടെ ഐസ്‌ക്രീം മോഷ്ടിച്ച യുവാവിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫോക്സ് സ്പോര്‍ട്സിന്റെ ലൈവ് റിപ്പോര്‍ട്ടിങിനിടെ യുവാവ് അടുത്ത് നിന്ന മറ്റൊരു യുവാവിന്റെ ഐസ്‌ക്രീം മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നത്. ഈ ദൃശ്യം വളരെ രസകരവും ചിരിപ്പിക്കുന്നതുമാണെന്ന് നിരവധി പേര്‍ കമാന്റ് ചെയ്തിട്ടുണ്ട്.

നവംബര്‍ 12നാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്വിറ്ററിലൂടെ മാത്രം മൂന്ന് മില്യണ്‍ പേരാണ് കണ്ടത്. ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ റിപ്പോര്‍ട്ടറുടെ പിന്നില്‍ നിന്ന ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു യുവാവ് തൊട്ടടുത്ത് സുഹൃത്തുമായി സംസാരിച്ചുനിന്ന മറ്റൊരു യുവാവിന്റെ കൈയില്‍ നിന്നും ഐസ്‌ക്രീം മോഷ്ടിച്ചു.

മോഷ്ടിച്ച ഐസ്‌ക്രീമില്‍ നിന്ന് കുറച്ച് കഴിച്ചതിന് ശേഷം തിരികെ വെക്കാനാണ് മോഷ്ടാവിന്റെ ഉദ്ദേശം. എന്നാല്‍ അതിനിടയില്‍ ഐസ്‌ക്രീമിന്റെ ഉടമസ്ഥന്‍ തന്റെ കൈയില്‍ ഐസ്‌ക്രീം ഇല്ലെന്ന കാര്യം മനസിലാക്കി. ഇതുകണ്ടതോടെ മോഷ്ടാവ് ഐസ്‌ക്രീമുമായി മുങ്ങുകയായിരുന്നു.

കാഴ്ചക്കാരില്‍ ചിരി പടര്‍ത്തിയ ഈ വീഡിയോ ഇഎസ്പിഎന്‍, കരോലീന ഹറികെയ്ന്‍സ് എന്നീ ട്വിറ്റര്‍ പേജുകളും പങ്കുവെച്ചിട്ടുണ്ട്. ‘ഈ നൂറ്റാണ്ടിലെ മോഷണം’ എന്നാണ് വീഡിയോയ്ക്ക് ട്വിറ്ററാറ്റികള്‍ നല്‍കിയിരിക്കുന്ന തലക്കെട്ട്.

Exit mobile version