‘കലയുടെ പെരുന്തച്ചനെ നമ്മള്‍ നൈസായി അങ്ങ് മറന്നു കളയുകയാണ്’; തിലകന്റെ പേരില്‍ സ്മാരകം വേണമെന്ന ആവശ്യവുമായി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍

സര്‍ക്കാര്‍ അദ്ദേഹത്തിന് വേണ്ട പരിഗണന നല്‍കിയിട്ടില്ലെന്നും അത് പരിഹരിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ജന്മനാടായ റാന്നിയില്‍ തിലകന്‍ സ്മാരകം പണിയണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

മലയാള സിനിമയുടെ പെരുന്തച്ചന്‍ തിലകന്റെ പേരില്‍ സ്മാരകം വേണമെന്ന ആവശ്യവുമായി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. തിലകന്‍ എന്ന മഹാപ്രതിഭ നമ്മളെ വിട്ട് പോയിട്ട് ഏഴ് വര്‍ഷമായിട്ടും അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരകം പോലുമില്ല. കലയുടെ പെരുന്തച്ചനെ നമ്മള്‍ നൈസായി മറന്നു കളയുകയാണ് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

സര്‍ക്കാര്‍ അദ്ദേഹത്തിന് വേണ്ട പരിഗണന നല്‍കിയിട്ടില്ലെന്നും അത് പരിഹരിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ജന്മനാടായ റാന്നിയില്‍ തിലകന്‍ സ്മാരകം പണിയണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘എഎംഎംഎ’ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോട് സംസാരിക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

തിലകന് ഇനിയും സ്മാരകമില്ല?ഏഴു വര്‍ഷമായി തിലകന്‍ എന്ന മഹാപ്രതിഭ നമ്മെ വിട്ടു പിരിഞ്ഞിട്ട്. നാടകത്തിലും സിനിമയിലുമായി ജന്മം മുഴുവന്‍ ഈ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച കലയുടെ ആ പെരുന്തച്ചനെ നമ്മള്‍ നൈസായി അങ്ങ് മറന്നു കളയുകയാണ്- കഷ്ടം!

നടന്‍ തിലകന്റെ ഓര്‍മ്മയ്ക്കായി സ്മാരകം നിര്‍മ്മിക്കണം. വേര്‍പാടിന്റെ ഏഴാണ്ടായിട്ടും സര്‍ക്കാര്‍ അദ്ദേഹത്തിന് വേണ്ട പരിഗണന നല്‍കിയിട്ടില്ല എന്ന പരാതിയുണ്ട്. അത് പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ ജന്മനാടായ റാന്നിയില്‍ തിലകന്‍ സ്മാരകം ഉടനുയരണം.

‘അമ്മ’ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിനോട് സംസാരിക്കണം. ആവശ്യം ഉന്നയിക്കണം.1990- ല്‍ ‘പെരുന്തച്ചന്‍’ 1994- ല്‍ ‘സന്താനഗോപാലം’, ‘ഗമനം’ – എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിന് തിലകനെ അര്‍ഹനാക്കി. 2009- ല്‍ പദ്മശ്രീ പുരസ്‌ക്കാരം നല്‍കി രാജ്യം തിലകനെ ആദരിച്ചു. ഇപ്പോഴുള്ള മറവി അനാദരവാണ്.

ചലച്ചിത്ര മേഖലകളില്‍ മാത്രമല്ല സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു തിലകന്‍ എന്നതും മറക്കരുത്. അദ്ദേഹം ജീവിതത്തിലും നിലപാടുകളിലും ഉടനീളം ഒരു കമ്യൂണിസ്റ്റായിരുന്നു എന്നതു പോലും മറന്നോ?ആവര്‍ത്തിക്കട്ടെ- മറവി അനാദരവാണ്!

Exit mobile version