155 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസിന്റെ അസ്ഥികൂടത്തിന്റെ ലേലം ആരംഭിച്ചു; അടിസ്ഥാന വില 27 കോടി

അഞ്ച് ആനകളുടെ ഭാരമുള്ള അസ്ഥികൂടത്തിന് 24.4 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ ഉയരവുമാണ് ഉള്ളത്

ദുബായ്: ദുബായിയില്‍ 155 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഭീമന്‍ ദിനോസിന്റെ അസ്ഥികൂടത്തിന്റെ ലേലം ആരംഭിച്ചു. മധ്യപൂര്‍വദേശത്തെ ആദ്യത്തെ ദിനോസറായ ഇവയ്ക്ക് 27 കോടിരൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 25 വരെ ലേലം വിളി നടത്താം. അഞ്ച് ആനകളുടെ ഭാരമുള്ള അസ്ഥികൂടത്തിന് 24.4 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ ഉയരവുമാണ് ഉള്ളത്. ദുബായ് മാളിലാണ് അസ്ഥികൂടം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ഡിപ്ലോഡോകസ് ലോന്‍ഗസ് എന്ന വംശത്തില്‍പ്പെട്ട ഈ ദിനോസറിന്റെ 90% അസ്ഥികൂടവും യഥാര്‍ഥത്തിലുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു. 2008ല്‍ അമേരിക്കയിലെ വ്യോമിങ് സംസ്ഥാനത്തെ ഡാന ക്വാറിയില്‍ നിന്നാണ് ഈ അസ്ഥികൂടത്തെ കണ്ടെടുത്തത്.

അമേരിക്കയിലെ ടെക്‌സാസ് ഹൂസ്റ്റണ്‍ മ്യൂസിയം ഓഫ് നാച്വറല്‍ സയന്‍സില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അസ്ഥികൂടം അബുദബിയിലെ എത്തിഹാദ് മോഡേണ്‍ ആര്‍ട് ഗാലറിയുടെ സ്ഥാപകന്‍ 2014ലാണ് ദുബായിലെത്തിച്ചത്. ഈ ദിനോസറിന്റെ അസ്ഥികൂടം കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തനിടെ ദുബായ് മാളില്‍ എത്തിയത്.

Exit mobile version