സ്‌നിഫര്‍ നായ്ക്കളെ എത്തിച്ചുള്ള തെരച്ചില്‍ വിഫലം;പുത്തുമലയില്‍ കണ്ടെത്താനുള്ളത് ഏഴു പേരുടെ മൃതദേഹം

നായ്ക്കള്‍ ചെളിയില്‍ താഴ്ന്നുപോകാന്‍ തുടങ്ങിയതോടെയാണ് നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തി വെച്ചത്

വയനാട്: സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്നു വന്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താനായി സ്‌നിഫര്‍ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചലില്‍ ഒന്നും കണ്ടെത്താനായില്ല. നായ്ക്കള്‍ ചെളിയില്‍ താഴ്ന്നുപോകാന്‍ തുടങ്ങിയതോടെയാണ് നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തി വെച്ചത്. മനുഷ്യഗന്ധം മണത്ത് കണ്ടെത്താനുള്ള കഴിവുള്ള നായ്ക്കളാണ് സ്‌നിഫര്‍. ഇന്ന് രാവിലെയോടെയാണ് ഇവരെ പുത്തുമലയിലെത്തിച്ചത്.

മൃതദേഹം കണ്ടെത്താനായി സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് തെരച്ചില്‍ ആരംഭിച്ചത്. എന്നാല്‍ അവിടെയെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായിരുന്നു ഫലം തുടര്‍ന്നാണ് ബെല്‍ജിയം മെല്‍ നോയിസ് ഇനത്തില്‍ പെട്ട നായ്ക്കളെ പുത്തുമലയില്‍ എത്തിച്ച് തെരച്ചില്‍ ആരംഭിച്ചത്. എറണാകുളത്തെ സ്വകാര്യ ഏജന്‍സിയാണ് നായ്ക്കളെ എത്തിച്ചത്.

അതേസമയം നായ്ക്കളിടെ കാലുകള്‍ ചെളിയില്‍ താഴ്ന്ന് പോയതോടെ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. മരങ്ങളും പാറകളും കൊണ്ട് നിറഞ്ഞ പ്രദേശമായതിനാല്‍ ഇവിടെ സ്‌കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധന സാധ്യമല്ലെന്ന് ദുരന്തനിവാരണ സേന പറഞ്ഞു.

Exit mobile version