വളരെ ചുരുങ്ങിയ സമയം കൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ പ്രിയങ്കരനായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിശേഷങ്ങളിലേക്ക്…
അഭിമുഖം: ഷൈന്‍ ടോം ചാക്കോ/ ഗീതു സുരേഷ്
സഹസംവിധായകനില്‍ നിന്നും നടനിലേക്കുള്ള വേഷപ്പകര്‍ച്ച
നടനാവാന്‍ ആഗ്രഹിച്ചു തന്നെയാണ് സിനിമയില്‍ എത്തിപ്പെട്ടത്. ജീവിതത്തില്‍ നമ്മള്‍ ഏറ്റവും ആഗ്രഹവും ആഗ്രഹിക്കുന്ന കാര്യം ചെയ്യുമ്പോഴുള്ള സന്തോഷം ഇപ്പോഴുണ്ട്. പിന്നെ സഹ സംവിധായകന്‍ ആയിരുന്നതിനെക്കാള്‍ സന്തോഷവും സംതൃപ്തിയും ഇപ്പോഴുണ്ട്.
നടനാകാന്‍ ആദ്യം സഹസംവിധായകനായി
നടന്‍ ആവുക എന്നതിനുള്ള കാത്തിരിപ്പായിരുന്നു ആദ്യം മുതല്‍ തന്നെ. സ്‌കൂള്‍ കാലഘട്ടത്തില്‍ നാടകങ്ങളിലും മറ്റും സജീവമായിരുന്നു. സിനിമ തന്നെയായിരുന്നു അന്നും സ്വപ്നം.
കുടുംബം
അച്ഛന്‍, അമ്മ, രണ്ടു സഹോദരികള്‍, ഒരു സഹോദരന്‍. അമ്മ പൊന്നാനിയില്‍ ടീച്ചറായിരുന്നു. ജനിച്ചു വളര്‍ന്നത് പൊന്നാനിയില്‍ തന്നെയാണ്. തൃശൂരിലേക്ക് താമസം മാറി 14 വര്‍ഷമാകുന്നു. കൂടുതല്‍ സൗഹൃദങ്ങളും പൊന്നാനി തന്നെയാണ്.
ലോക്ക് ‘ഡൗണ്‍ ‘ ആണോ?
പൊതുവേ ജോലിയില്ലാത്ത സമയങ്ങളില്‍ വീട്ടില്‍ ഇരിക്കാറുണ്ട്. ഇവിടെ അധികം സൗഹൃദങ്ങള്‍ ഇല്ല, എല്ലാവരും പൊന്നാനിയിലാണ്. അങ്ങോട്ട് ഇപ്പൊള്‍ പോയി വരാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. പിന്നെ ഡബ്ബിംഗ് പോലുള്ള ആവശ്യങ്ങള്‍ക്കായി എപ്പോഴും എറണാകുളം യാത്രകള്‍ ഉണ്ടാവാറുണ്ട്. അതും മുടങ്ങിയത് കൊണ്ട് പ്രയാസമുണ്ട്.
ലോക്ക് ഡൗണ്‍ ഹോബികള്‍?
സിനിമ തന്നെയാണ് പ്രധാന വിനോദം. ധാരാളം സിനിമകള്‍ കാണാന്‍ പറ്റുന്നുണ്ട്. പിന്നെ കുറച്ച് കൃഷിയുണ്ട്. വെള്ളം നനയ്ക്കലും പരിപാലനവുമായി സമയം പോവും. സ്ഥിരം വര്‍ക്കൗട്ട് കൂടിയാവുമ്പോള്‍ സമയം പോവാന്‍ വല്ല്യ ബുദ്ധിമുട്ടില്ല.
കേരളത്തിന്റെ കോവിഡ് പ്രതിരോധം
കേരളത്തിന്റെ ആരോഗ്യമേഖല സ്വകാര്യവല്‍കരിക്കാത്ത ഒന്നായത് വലിയ രീതിയില്‍ ഈ നേട്ടത്തെ സ്വാധീനിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന് നല്ല രീതിയില്‍ ഏകോപിപ്പിക്കാന്‍ സാധിക്കുന്നത് ഇത് കാരണം കൊണ്ടുകൂടിയാണ്. മികച്ച ഭരണാധികാരികളും, ആരോഗ്യ പ്രവര്‍ത്തകരും കേരളത്തിന്റെ കരുത്താണ്. നിപ്പയെ പോലുള്ള മഹാമാരിയെ അതിജീവിച്ച അനുഭവ സമ്പത്തും കേരളത്തിന് ഗുണകരമായി.
അമേരിക്കയില്‍ വലിയ ടെക്‌നോളജി ഉണ്ടെന്നൊക്കെ പറയുമ്പോഴും അവര്‍ക്ക് പോലും സാധിക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ ചെയ്തത്. അവര്‍ക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയാത്ത കാര്യം നമ്മുടെ കൊച്ചു കേരളത്തിന് സാധിച്ചു. അവിടുത്തെ ജനങ്ങളേക്കാള്‍ അധികം വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ഈ സമയത്ത് രാഷ്ട്രീയം കളിക്കുന്ന ആളുകളും ഇവിടെയുണ്ട്. സ്വയം അപഹാസ്യാരാകുന്ന അവരെ കൃത്യമായി ജനങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്.
ഏറ്റവും സംതൃപ്തി തോന്നിയ റോള്‍
സംതൃപ്തി പല തരങ്ങളിലുണ്ട്. കഥ കേള്‍ക്കുമ്പോള്‍, അഭിനയിക്കുമ്പോള്‍, അത് കാണുമ്പോള്‍, മറ്റുള്ള ആളുകള്‍ അതിനെ വിലയിരുത്തുമ്പോള്‍ എല്ലാം സംതൃപ്തി തോന്നാറുണ്ട്.പിന്നീട് കാണുമ്പോള്‍ അത് ചിലപ്പോള്‍ നഷ്ടപ്പെടാം. പിന്നീട് മറ്റൊന്നാവും നമുക്ക് സംതൃപ്തി നല്‍കുന്ന കഥാപാത്രം. അങ്ങനെ അവസാനിക്കാത്ത സംതൃപ്തിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാ കഥാപാത്രങ്ങളും ചെയ്യുന്നത് ഒരേ ഇഷ്ടത്തോടെയാണ്. പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പലപ്പോഴും കഥാപാത്രങ്ങളോടുള്ള ഇഷ്ടക്കൂടുതലും കുറവുമെല്ലാം ഉണ്ടാവുന്നത്.
ചെയ്യാന്‍ ആഗ്രഹിക്കുന്ന കഥാപാത്രം
അങ്ങനെ പ്രത്യേകിച്ച് ഒരു കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമില്ല. മറിച്ച് വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കണം എന്നാണ് ആഗ്രഹം.
നടന്‍ അല്ലായിരുന്നെങ്കില്‍
അങ്ങനെ ഒരു ചോദ്യമില്ല. ഒരാഗ്രഹം ഉണ്ടെങ്കില്‍ അതിനു വേണ്ടി ജീവിക്കുക എന്നതാണ് എന്റെ പോളിസി. ചെറുപ്പം മുതല്‍ സിനിമ മാത്രമാണ് ആഗ്രഹവും. കുടുംബം നല്ല സപ്പോര്‍ട്ടാണ്. അതു കൊണ്ട് തന്നെയാണ് ഞാന്‍ ഇവിടെ എത്തിപ്പെട്ടത്.
തൃശൂര്‍ പൂരം ഓര്‍മ
ഇത് വരെ കണ്ടിട്ടില്ല.. തൃശൂര്‍ പോവുമെങ്കിലും ആ തിരക്കിലേക്ക് ഇത് വരെ കയറിയിട്ടില്ല. ഈസ്റ്റര്‍, വിഷു, എല്ലാം നമുക്ക് നഷ്ടമായി. അതില്‍ വിഷമം ഉള്ളതിലുപരി ഇതിനെയെല്ലാം അതിജീവിച്ച് പുറത്ത് കടക്കണം എന്ന ആഗ്രഹമാണ് കൂടുതല്‍.
ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍..
ആദ്യം ചെയ്യുന്നത് നിര്‍ത്തി വെച്ച പരിപാടികള്‍ വീണ്ടും തുടങ്ങുക എന്നതാണ്. ഷൂട്ട് ഡബ്ബിംഗ് എല്ലാം..
ഭാവി പദ്ധതികള്‍
കുറുപ്പ് സിനിമയുടെ ഡബ്ബിംഗ് ഉള്‍പ്പെടെ 3 സിനിമകളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ആരവം, പടവെട്ട് എന്നിവയാണ്.
മലയാള സിനിമയോടുള്ള പ്രണയം
മലയാള സിനിമയാണ് കാണാന്‍ ഇഷ്ടം. നമ്മുടെ ഭാഷയില്‍ തന്നെ എല്ലാം ചെയ്യണം എന്നാണ് ആഗ്രഹം. എനിക്ക് കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നത് മലയാളം സിനിമകള്‍ തന്നെയാണ്. ഞാന്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും എല്ലാം മലയാളം ആയതിനാല്‍ അതിനോട് തന്നെയാണ് പ്രണയം. എണ്‍പതുകളിലും തൊണ്ണൂറുകളിലെയും ചിത്രങ്ങള്‍ ആണ് ഏറ്റവും പ്രിയപ്പെട്ടത്.