ഗര്‍ഭിണികള്‍ക്ക് പപ്പായ കഴിക്കാമോ?

ഗര്‍ഭകാലത്ത് പപ്പായ കഴിക്കാമോ എന്നത് ഗര്‍ഭിണികളായ പല സ്ത്രീകളും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഗര്‍ഭകാലത്ത് പപ്പായ കഴിക്കുന്നത് ദോഷകരമാണെന്ന് പരക്കെ കരുതപ്പെടുന്നു. നമ്മുടെ നാട്ടില്‍ പച്ച പപ്പായയും പപ്പായപ്പഴവും കഴിക്കുന്നതില്‍ നിന്ന് ഗര്‍ഭിണികളെ വിലക്കുകയും ചെയ്യാറുണ്ട്. ഗര്‍ഭഛിദ്രമുണ്ടാക്കാനോ ടെറാട്ടജനിക് (ജനനവൈകല്യങ്ങള്‍ക്ക് കാരണമാകുന്ന വസ്തു) ആയി പ്രവര്‍ത്തിക്കാനോ ഉള്ള അതിന്റെ കഴിവാണ് പപ്പായയോടുള്ള ഭയത്തിനു കാരണം. എന്നാല്‍ കേട്ടോളൂ, ഗര്‍ഭിണികള്‍ പപ്പായ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. പക്ഷേ പഴുത്ത പപ്പായ മാത്രമേ കഴിക്കാവൂ.

നന്നായി പഴുത്ത പപ്പായ വിറ്റമിന്‍ ‘സി’യും ‘ഇ’യും കൊണ്ട് സമ്പന്നമാണ്. ഇതില്‍ നല്ല രീതിയില്‍ ഫൈബറും ഫോളിക് ആസിഡും അടങ്ങിയിരിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ പഴുത്ത പപ്പായ ദഹനത്തെ എളുപ്പത്തിലാക്കുന്നു. ഗര്‍ഭിണികള്‍ നേരിടുന്ന മറ്റൊരു പതിവ് പ്രശ്നമായ നെഞ്ചെരിച്ചിലിനും തികട്ടലിനും പഴുത്ത പപ്പായ ഉത്തമം തന്നെ.

പച്ചപപ്പായ

പച്ചപപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപെയ്ന്‍ ഗര്‍ഭപാത്രത്തിന്റെ സങ്കോചത്തിന് കാരണമാകുന്നു. ഇത് പലപ്പോഴും അബോര്‍ഷന്‍ എന്ന പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം. ദഹനക്കുറവിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. ഗര്‍ഭകാലത്തുണ്ടാവുന്ന ദഹനക്കുറവ് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. അതുകൊണ്ട് തന്നെ പച്ചപപ്പായ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Exit mobile version