ഏറ്റവും അലങ്കോലപ്പെട്ട മുറി കണ്ടെത്താനായി യുകെയില്‍ മത്സരം : എട്ട് വയസുകാരിക്ക് സമ്മാനം

നമ്മുടെ രാജ്യത്ത് പതിവില്ലെങ്കിലും അധികമാരും പ്രതീക്ഷിക്കാത്ത വിഷയങ്ങളില്‍ മത്സരം നടത്തുന്നത് വിദേശികള്‍ക്ക് പണ്ടേ ഹരമാണ്. പ്രത്യേകിച്ച് യുകെക്കാര്‍ക്ക്. ഒച്ചുകളുടെ മത്സരയോട്ടവും, വീപ്പയ്ക്കുള്ളിലിരുന്നുള്ള തുഴച്ചില്‍ മത്സരവുമൊക്കെയായി അവര്‍ നമ്മെ ഏറെ രസിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഏറ്റവും അലങ്കോലമായി കിടക്കുന്ന മുറിയ്ക്കായി മത്സരം നടത്തിയിരിക്കുകയാണ് യുകെ. ഇതില്‍ വിജയിയായതാകട്ടെ ഒരെട്ടുവയസ്‌കാരിയും.

ഹാപ്പി ബെഡ്‌സ് എന്ന കമ്പനിയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിനായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്ഷിതാക്കള്‍ മക്കളുടെ വൃത്തികേടായി കിടക്കുന്ന മുറിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.ഇതില്‍ നിന്ന് ഏറ്റവും മോശം മുറിക്കുള്ള സമ്മാനം നേടിയിരിക്കുന്നത് ഗ്ലാസ്‌ഗോവില്‍ നിന്നുള്ള എമിലിയാണ്.

കളിപ്പാട്ടങ്ങളും തുണികളും പുസ്തകങ്ങളുമൊക്കെയായി ആകെ അലങ്കോലമായിരുന്നു എമിലിയുടെ മുറി. കിടക്കയിലും മേശയിലും എന്തിന് കോവണിയില്‍ പോലും എമിലിയുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമാണ്. എമിലിയുടെ കിടപ്പുമുറിയുടെ ചിത്രത്തിനാണ് ഏറ്റവുമധികം ലൈക്കുകള്‍ ലഭിച്ചത്. മത്സരത്തില്‍ വിജയിച്ചതോടെ നാല്പതിനായിരം രൂപയുടെ കിടക്ക എമിലിക്ക് സമ്മാനമായി കിട്ടും.

കിടക്ക കിട്ടുന്നതോടെയെങ്കിലും എമിലി മുറി വൃത്തിയായി സൂക്ഷിക്കും എന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍. കിടപ്പുമുറി വസ്ത്രം മാറുന്ന മുറി മാത്രമായാണ് എമിലി കാണുന്നതെന്നാണ് അവരുടെ അഭിപ്രായം. സദാസമയവും വീട്ടുകാരുടെ കൂടെ ഡൈനിങ് റൂമിലോ ലിവിങ് ഏരിയയിലോ ചിലവഴിക്കുന്ന എമിലി വസ്ത്രം മാറാനും ഉറങ്ങാനും മാത്രമാണ് സ്വന്തം മുറിയിലേക്ക് പോകുന്നത്. വൃത്തിയാക്കിയാലും ഒരാഴ്ചയ്ക്കകം മുറി പഴയത് പോലെയാകും എന്നാണ് എമിലിയുടെ പിതാവ് സ്റ്റീവ് പറയുന്നത്‌. കിടക്ക കിട്ടുന്നത് നല്ല മാറ്റത്തിനും പ്രചോദനത്തിനും കാരണമാകുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റീവ് പറഞ്ഞു.

എമിലിക്ക് അവളുടെ പുതിയ കിടക്ക ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുറികള്‍ വൃത്തിയാക്കുന്നത് കുട്ടികള്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അറിയാമെങ്കിലും സമാധാനത്തോടെ നന്നായി ഉറങ്ങാന്‍ സഹായിക്കുന്നതിന് വൃത്തിയുള്ള മുറി ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നുള്ളതിനാലുമാണ് ഇങ്ങനെയൊരു മത്സരം സംഘടിപ്പിച്ചതെന്ന് ഹാപ്പി ബെഡ്‌സിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ ലൂസി ബോള്‍ണ്ട് അറിയിച്ചു.എമിലിയുടേത് പോലെ ആകെ ആലങ്കോളപ്പെട്ട നൂറുകണക്കിന് കിടപ്പുമുറികളുടെ ചിത്രങ്ങളാണ് ഹാപ്പി ബെഡ്‌സിന് ലഭിച്ചിരുന്നത്.

Exit mobile version