മന്ത്രി എകെ ബാലന്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി; വിവിധ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ആവശ്യപ്പെട്ട് നിവേദനം നല്‍കി

ന്യൂഡല്‍ഹി: വിവിധ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ആവശ്യപ്പെട്ട് പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമ- പാര്‍ലമെന്ററി കാര്യ മന്ത്രി എകെ ബാലന്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നൂതന പദ്ധതിയായ ആധുനിക പഠനമുറികളുടെ നിര്‍മ്മാണത്തിന് കേന്ദ്രസഹായം ആവശ്യപ്പെട്ട് കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രി താവര്‍ ചന്ദ് ഗഹ്ലോട്ടുമായും വിവിധ പദ്ധതികള്‍ക്ക് കേന്ദ്രസഹായം ആവശ്യപ്പെട്ട് വിദേശകാര്യ- പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരനുമായുമാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമ- പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ. ബാലന്‍ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി താവര്‍ ചന്ദ് ഗഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തുന്നു.

പൊതുസമൂഹത്തിന്റെ ഏറെ അംഗീകാരം പിടിച്ചുപറ്റിയ പദ്ധതിയാണ് പഠനമുറി പദ്ധതിയെന്നും ഇന്ത്യയൊട്ടാകെ മാതൃകയാക്കാവുന്നതാണിതെന്നും അദ്ദേഹം കേന്ദ്രമന്ത്രി ഗഹ്ലോട്ടിനെ അറിയിച്ചു. ആധുനിക പഠനമുറികളുടെ നിര്‍മ്മാണത്തിന് കേന്ദ്ര സഹായം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രിയ്ക്ക് നിവേദനം നല്‍കി.

പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമ- പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ. ബാലന്‍ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി താവര്‍ ചന്ദ് ഗഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തുന്നു.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതി പ്രകാരം 25000 പഠനമുറികളാണ് നിര്‍മ്മിക്കുക. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപയാണ് നല്‍കുക. 11276 പഠനമുറികളുടെ നിര്‍മ്മാണത്തിന് ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ള 13724 പഠനമുറികള്‍ കൂടി നിര്‍മ്മിക്കുന്നതിന് 260 കോടി രൂപ വേണ്ടി വരും- മന്ത്രി എകെ ബാലന്‍ പറഞ്ഞു.


പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമ- പാര്‍ലമെന്ററി കാര്യ മന്ത്രി എകെ ബാലന്‍ കേന്ദ്ര വിദേശകാര്യ- പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തുന്നു.

ആദ്യഘട്ടമായി 10000 പഠനമുറികളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകും. ഇവ നേരില്‍കണ്ട് വിലയിരുത്താനും ഉദ്ഘാടനം ചെയ്യാനും മന്ത്രി എകെ ബാലന്‍ കേന്ദ്രമന്ത്രിയെ ക്ഷണിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്ന മികച്ച പദ്ധതിയാണിതെന്ന് കേന്ദ്രമന്ത്രി ഗഹ്ലോട്ട് അഭിപ്രായപ്പെട്ടു. തുടര്‍ നടപടിക്കായി ശുപാര്‍ശ ചെയ്യുമെന്നും അറിയിച്ചു.


പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമ- പാര്‍ലമെന്ററി കാര്യ മന്ത്രി എകെ ബാലന്‍ കേന്ദ്ര വിദേശകാര്യ- പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തുന്നു.

ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഭരണവ്യവസ്ഥകളെ പഠിക്കുന്നതിന് കേരളത്തില്‍ റിസേര്‍ച്ച് ആന്റ് സ്റ്റഡി സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന് മന്ത്രി എകെ ബാലന്‍ നിവേദനം നല്‍കി. വിദ്യാര്‍ത്ഥികളില്‍ പാര്‍ലമെന്ററി ജനാധിപത്യം സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിന് കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാര്‍ലിയമെന്ററി ലിറ്റററി ക്ലബുകള്‍ തുടങ്ങാന്‍ കൂടുതല്‍ കേന്ദ്രസഹായം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരു കോടി രൂപയുടെ അധിക സഹായം ഇതിന് ആവശ്യമാണ്. തുടര്‍ നടപടിക്കായി വകുപ്പു സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

Exit mobile version