ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ഒരു ഡയറക്ടറേറ്റിന് കീഴില്‍: ലയനം ഈ അധ്യയനവര്‍ഷം മുതല്‍; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഒന്നു മുതല്‍ പ്ലസ്ടു വരെ ഒരു ഡയറക്ടറേറ്റിനു കീഴില്‍ ആക്കാനുള്ള ശുപാര്‍ശ നാളത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കും. ഹൈസ്‌ക്കൂള്‍ – ഹയര്‍സെക്കണ്ടറി ലയനം ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി. അധ്യാപനത്തിന്റെ കാര്യത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക, അനധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, ലയന നീക്കത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ തീരുമാനം. അക്കാദമിക് മേന്മ ലക്ഷ്യമിട്ടുള്ള ഭരണപരമായ മാറ്റങ്ങളാണ് നടപ്പാക്കുന്നതെന്നും സമരമല്ല സഹകരണമാണ് വേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടനകളോട് ആവശ്യപ്പെട്ടു.

ഒന്ന് മുതൽ 12 ക്ലാസുവരെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷനെന്ന ഒറ്റ കുടിക്കീഴിലാക്കും. പൊതു പരീക്ഷ ബോ‍ർഡ് രൂപീകരിക്കും. പുതിയ ഡയറക്ടർക്കായിരിക്കും ഹൈസ്ക്കൂൾ-ഹയർസെക്കണ്ടറി വിഎച്ച്എസ്ഇ പരീക്ഷ ബോർഡുകളുടെ ചുമതല. ഹൈസ്ക്കൂളും ഹയർസെക്കണ്ടറിയും ഉള്ള സ്കൂളിലെ സ്ഥാപനമേധാവി പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററുമായിരിക്കും. പക്ഷെ ചില ശുപാർശകൾ നടപ്പാക്കില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്.

ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എൽപി, യുപി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല. എഇഒ, ഡിഇഒ ഓഫീസുകൾ നിർത്തലാക്കില്ല. പക്ഷെ വേണ്ടത്ര ചർച്ചയില്ലാതെ ശുപാർശകൾ നടപ്പാക്കുന്നതിൽ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉയർത്തി. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version