ജോണി സ്‌നേഹയായി മാറി: മകന്റെ ജല്‍സാ ചടങ്ങുകള്‍ നാട്ടുകാരെ വിളിച്ച് ആഘോഷമാക്കി കണ്ണൂരിലെ ഈ അമ്മ

കണ്ണൂര്‍: കാലവും കാഴ്ചപ്പാടുകളും ഏറെ പുരോഗമിച്ചെന്ന് പറഞ്ഞാലും പലയിടങ്ങളിലും ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹം ഇന്നും പൂര്‍ണമായി സ്വീകരിച്ചിട്ടില്ല. അതിന്റെ ഉദാഹരണങ്ങളാണ് അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ വാര്‍ത്തകള്‍.

അതേസമയം, ഈ സാഹചര്യത്തില്‍ സ്വന്തം മകന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വിവരം നാട്ടുകാരെ വിളിച്ച് കൂട്ടി ആഘോഷമാക്കിയിരിക്കുകയാണ് കണ്ണൂരിലെ ഒരു അമ്മ.
കണ്ണൂര്‍ തോട്ടട സ്വദേശി കൊച്ചമ്മയാണ് മകന്‍ ജോണി ലിംഗംമാറ്റ ശസ്ത്രക്രിയ നടത്തി സ്നേഹയായി മാറിയ വിവരം സന്തോഷ പൂര്‍വ്വം നാട്ടുകാരെ അറിയിച്ചിരിക്കുന്നത്. സ്നേഹയുടെ ജല്‍സ ചടങ്ങുകള്‍ ആഘോഷമാക്കാന്‍ ട്രാന്‍സ് ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടുകാരും പങ്കെടുത്തു.

ലിംഗമാറ്റ ശസ്തര്ക്രിയയിലൂടെ സ്ത്രീ ആയി മാറുന്നവരെ പുതിയ ജീവിതത്തിലേക്ക് നയിക്കുന്നതിന് ഹിജഡ പാരമ്പര്യത്തില്‍ നടത്തുന്ന ചടങ്ങാണ് ജല്‍സ. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് കേരളത്തില്‍ അംഗീകാരം ലഭിച്ചതോടെ ഇത്തരം ഈ ചടങ്ങുകള്‍ ഇപ്പോള്‍ പതിവായിട്ടുണ്ട്. പലപ്പോഴും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കിടയില്‍ മാത്രം ഒതുങ്ങിപ്പോകാറുള്ള ഈ ചടങ്ങിനെ വ്യത്യസ്തമാക്കും വിധമായിരുന്നു കണ്ണൂരില്‍ നടന്ന ജല്‍സ.

സ്നേഹയെ ചെറുപ്പം മുതല്‍ അറിയാവുന്ന ബന്ധുക്കളും നാട്ടുകാരും വിരുന്ന് ഗംഭീരമാക്കി മാറ്റി. അതിഥികള്‍ക്ക് ഭക്ഷണം ഒരുക്കിയതും വിളമ്പിയതും സ്നേഹയുടെ സുഹൃത്തുക്കളും നാട്ടുകാരുമായിരുന്നു. വിരുന്നിനൊപ്പം കലാപരിപാടികളും ഉണ്ടായിരുന്നു. കണ്ണൂരിലെ നന്മ ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയാണ് വിരുന്ന് സംഘടിപ്പിച്ചത്.

Exit mobile version