വാക്ക് പാലിച്ച് മെംബര്‍ സിബി ബോണി; വൈറല്‍ എസ്എസ്എല്‍സി റിസള്‍ട്ടിന്റെ ഉടമ ജോഷിന് സമ്മാനങ്ങളുമായെത്തി

ആലപ്പുഴ: സോഷ്യല്‍മീഡിയയില്‍ വൈറലായ ആ എസ്എസ്എല്‍സി റിസള്‍ട്ടിന്റെ ഉടമ ജോഷിനെ ആരും മറന്നുകാണില്ല. ‘ഞാന്‍ ജോഷിന്‍ എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് 6 A+, 2 A, 2 B+ കിട്ടി. ഇതു ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറി കൊണ്ട് വരണ്ട എന്ന് ബോര്‍ഡെഴുതി പോസ്റ്റ്കാലില്‍ ഒട്ടിച്ചുവച്ച മിടുക്കന്‍ ജോഷിന് സമ്മാനങ്ങളുമായി മെംബര്‍ സിബി ബോണി എത്തി.

ജോഷിന്റെ വൈറല്‍ പോസ്റ്റ് കണ്ട്, ‘മോനേ ജോഷിനെ, നിന്റെ അഡ്രസ് പറയെടാ’എന്ന അടിക്കുറിപ്പോടെ കൊല്ലം ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് മെംബര്‍ സിബി ബോണി പോസ്റ്റ് ചെയ്തപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വെറുമൊരു വാഗ്ദാനമായി പലരും കരുതി.

അറുപത് കിലോ മീറ്റര്‍ സഞ്ചരിച്ച് തൃക്കണ്ണമംഗലത്തെ ജോഷിന്‍ ജോയിയുടെ വീട്ടിലെത്തിയാണ് സിബി വാക്കു പാലിച്ചത്. ജോഷിനു കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയ വിവരം ഫേസ്ബുക്ക് പേജിലൂടെയാണ് സിബി അറിയിച്ചത്.

”ഞാനും ജോഷിനെ പോലെ തന്നെയായിരുന്നു. ജോഷിന്‍ എഴുതി ഒട്ടിച്ചത് മലയാളികളുടെ എല്ലാം മുഖത്താണ്. ഞാനിത്രയേ ഉള്ളൂ, എനിക്കിത്രയൊക്കെയേ പറ്റൂ എന്ന് ജോഷിന്‍ പറയാന്‍ കാണിച്ച ധൈര്യമാണ് ജോഷിനെ തേടി ഞാന്‍ എത്താന്‍ കാരണം’ – സിബി പറഞ്ഞു.

Exit mobile version