നോവായി വൈഷ്ണവി! അഗ്നിയില്‍ പൊലിഞ്ഞത് ഡോക്ടറാകാനുള്ള കാത്തിരിപ്പിനിടെ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് ജീവനൊടുക്കിയ അമ്മയും മകളും നൊമ്പരമാകുന്നു. ഡോക്ടര്‍ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു വൈഷ്ണവി(19).

ഡോക്ടര്‍ ആകണമെന്ന ആഗ്രഹത്തോടെ ആദ്യം കൈവിട്ട നീറ്റ് പരീക്ഷയെ വീണ്ടും നേരിട്ട് പ്രതീക്ഷയോടെ ഫലം കാത്തിരിക്കുന്നതിനിടെയാണ് ദുരന്തം. വൈഷ്ണവി പാലാ ബ്രില്യന്‍സിലും പിന്നാലെ തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലും പഠിച്ചാണ് നീറ്റ് എഴുതിയത്. ഡോക്ടറാകണമെന്ന ആഗ്രഹത്തോടെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ വിദ്യാഭ്യാസ വായ്പ കിട്ടുമോയെന്ന് അച്ഛനോടൊപ്പം പോയി അന്വേഷിച്ച് കാത്തിരിക്കവേയാണ് കാനറാ ബാങ്കിന്റെ ജപ്തി ഭീഷണി എത്തിയത്.

വൈഷ്ണവിയുടെ പിതാവ് ചന്ദ്രന്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ഭവനവായ്പ തിരിച്ചടയ്ക്കുന്നതിന് മുടക്കം വന്നത്. ഏക മകളായ വൈഷ്ണവിയുടെ പഠനത്തിനായി ഒരുപാട് പണം ചെലവഴിക്കേണ്ടിവന്നപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായതാണ് തിരിച്ചടവിന് മുടക്കം ഉണ്ടായതിന് കാരണമെന്ന് ചന്ദ്രന്‍ പറഞ്ഞു.

വീടും സ്ഥലവും വിറ്റാണെങ്കിലും പണം അടയ്ക്കാമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ചന്ദ്രന്‍. പക്ഷേ, വീട് വില്ക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കൂടുതല്‍ അവധി ചോദിച്ചു, പക്ഷേ, ബാങ്ക് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.

ഭീഷണിയെ അതീജീവിച്ച് ഡോക്ടറാകാന്‍ ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയുടെ പ്രതീക്ഷകള്‍ മാത്രമല്ല, ഒരു കുടുംബത്തെ കൂടിയാണ് ബാങ്ക് അധികൃതര്‍ തകര്‍ത്തത്.
വിദ്യാധിരാജ സ്‌കൂളില്‍ പത്താം ക്ളാസ് വരെ പഠനം നടത്തിയ വൈഷ്ണവി, നെയ്യാറ്റിന്‍കര കോണ്‍വെന്റ് സ്‌കൂളിലാണ് പ്ലസ് ടു പൂര്‍ത്തിയാക്കിയത്. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജില്‍ എംബിഎ രണ്ടാം വര്‍ഷം പഠിക്കുകയായിരുന്നു.
കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് കൂടിയായിരുന്നു വൈഷ്ണവി.

ഇന്ന് ഉച്ചയോടെയാണ് അമ്മ ലേഖ (40)യും മകള്‍ വൈഷ്ണവി (19)യും തീക്കൊളുത്തിയത്. വൈഷ്ണവി ഉച്ചയ്ക്ക് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്.

കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍ നിന്ന് കുടുംബം വീട് വയ്ക്കുന്നതിന് 5 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നതായി ലേഖയുടെ ഭര്‍ത്താവ് പറയുന്നു. 8 ലക്ഷം തിരികെ അടച്ചതായും 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Exit mobile version