ആ സൂപ്പര്‍ A+ കാരന്‍ ജോഷിന്‍ ഇതാ! കാര്‍ഡ് ബോര്‍ഡില്‍ എസ്എസ്എല്‍സി ഫലം എഴുതിയിട്ട മിടുക്കന്‍

ആലപ്പുഴ: എസ്എസ്എല്‍സി ഫലം കാര്‍ഡ് ബോര്‍ഡില്‍ എഴുതി വൈദ്യുത പോസ്റ്റില്‍ കെട്ടിവച്ച ഒരു ചിത്രമാണ് കഴിഞ്ഞദിവസമായി സൈബര്‍ലോകത്ത് വൈറലായിരുന്നത്. ‘ഞാന്‍ ജോഷിന്‍, എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ആറ് എ പ്ലസ്, രണ്ട് എ, രണ്ട് ബി പ്ലസ്. ഇത് ചോദിക്കാനായി ആരും വീട്ടിലേക്ക് തള്ളിക്കേറി വരണ്ട – എന്നായിരുന്നു ആ വൈറല്‍ ചിത്രത്തിലുണ്ടായിരുന്നത്.

തൃക്കണമംഗലിലെ എസ്‌കെവിഎച്ച്എസിലെ വിദ്യാര്‍ഥിയായ ജോഷിന്‍ ജോയാണ് ആ മിടുക്കന്‍. ആലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിബി ബോണി ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ സംഭവം വൈറലാവുകയായിരുന്നു. ജോഷിനെ കണ്ടുപിടിച്ചാല്‍ സമ്മാനം നല്‍കാമെന്നായിരുന്നു സിബിയുടെ ആദ്യത്തെ പോസ്റ്റ്. അതോടെ, സൈബര്‍ലോകം ആ മിടുക്കനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സംഗതി എല്ലാവരും എറ്റെടുത്തതോടെ ആളെ കണ്ടെത്തിയ വിവരവും സിബി തന്നെ അറിയിച്ചിരിക്കുകയാണ്.

വിക്കിമീഡിയ പ്രവര്‍ത്തകന്‍ വിശ്വപ്രഭയാണ് മിടുക്കനായ ജോഷിനെ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ തൃക്കണമംഗലിലെ എസ്‌കെവിഎച്ച്എസിലെ വിദ്യാര്‍ഥിയാണ് ജോഷിന്‍ ജോയ്. ഒപ്പം ജോഷിന്റെ ഗ്രേഡിന്റെ വിശദവിവരങ്ങളും വിശ്വപ്രഭ അദ്ദേഹത്തിന്റെ കുറിപ്പില്‍ നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ സൂപ്പര്‍ A+കാരനെ ഞാന്‍ തപ്പിയെടുത്തു: പേര് ജോഷിന്‍ ജോയ്. സ്‌കൂള്‍ എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗല്‍, കൊട്ടാരക്കര, കൊല്ലം ജില്ല. പാവത്തിനു് മലയാളം ഫസ്റ്റ് പേപ്പറിനും ഹിന്ദിക്കും മാത്രം B+. മലയാളം സെക്കന്‍ഡിനും ഇംഗ്ലീഷിനും A ബാക്കി ആറെണ്ണത്തിനും A+ (ആരും വീട്ടിലേക്കു തള്ളിക്കേറിക്കൊണ്ട് ചെല്ലണ്ട. ഫ്‌ലെക്‌സ് അടിക്കുകയും വേണ്ട. സമ്മാനങ്ങള്‍ സ്‌കൂള്‍ അഡ്രസ്സിലേയ്ക്ക് കൊറിയറായോ മണിയോര്‍ഡറായോ അയച്ചുകൊടുക്കുക!) – വിശ്വപ്രഭ ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version