തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യപ്രശ്‌നങ്ങളുണ്ട്: തൃശൂര്‍ പൂരത്തില്‍ നിന്നും ഒരു ആനയെയും വിലക്കിയിട്ടില്ല വനം മന്ത്രി കെ രാജു

തിരുവനന്തപുരം: തൃശൂര്‍ പൂരം എഴുന്നള്ളിപ്പില്‍ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉള്‍പ്പടെ ഒരു ആനയെയും വിലക്കിയിട്ടില്ലെന്ന് വനം മന്ത്രി കെ രാജു. രാമനെയെന്നല്ല ഒരാനയേയും വിലക്കിയിട്ടില്ല.

എന്നാല്‍, തെച്ചിക്കോട്ട് രാമചന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അത് ചൂണ്ടിക്കാട്ടേണ്ട ചുമതല വൈല്‍ഡ് ലൈഫ് വാര്‍ഡനും വനം വകുപ്പിനുമുണ്ട്. ആ ഉത്തരവാദിത്തമാണ് വകുപ്പും ഉദ്യോഗസ്ഥരും കാണിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നാണ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. അത് ആനയെ നിരോധിക്കല്‍ അല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞത് വസ്തുതയാണ്. എല്ലാ ആന ഉടമകളെയും ഉദ്ദേശിച്ചല്ല പറഞ്ഞത്. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പല രീതിയില്‍ തന്റെ നിലപാടിനെതിരെ രംഗത്ത് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചിരുന്നു.

Exit mobile version