കാലുകൊണ്ട് പരീക്ഷയെഴുതി, ഫുള്‍ എ പ്ലസ്: ദേവികയുടെ മിന്നുന്ന വിജയത്തിന് പത്തരമാറ്റ് തിളക്കം, അഭിനന്ദനപ്രവാഹം

പരപ്പനങ്ങാടി: വിധിയെ വെല്ലുവിളിച്ച് മനക്കരുത്തിന്റെ പ്രതീകമായി താരമായി മാറിയിരിക്കുകയാണ് ദേവികയെന്ന മിടുക്കി. ജന്മനാ കൈകളില്ലാത്തതിനാല്‍ കാല് കൊണ്ട് എസ്എസ്എല്‍സി പരീക്ഷയെഴുതി മുഴുവന്‍ എ പ്ലസ് നേടി താരമായിരിക്കുകയാണ് വള്ളിക്കുന്ന് സിബിഎച്ച്എസിലെ ദേവിക.

സഹായിയെ വെച്ച് പരീക്ഷയെഴുതാന്‍ അവസരമുണ്ടായിട്ടും ദേവിക ആരുടെയും സഹായവും കൂടാതെ തന്റെ കാലുകള്‍ കൊണ്ട് പരീക്ഷയെഴുതിയാണ് മിന്നുന്ന വിജയം സ്വന്തമാക്കിയത്. ആത്മവിശ്വാസത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകമായ ദേവികയ്ക്ക് നിറഞ്ഞ ആശംസാപ്രവാഹമാണ് സൈബര്‍ലോകത്ത്.

എസ്എസ്എല്‍സിയില്‍ രണ്ട് പരീക്ഷയില്‍ മാത്രം അനുവദനീയമായ അധിക സമയം ഉപയോഗിച്ചതല്ലാതെ മറ്റെല്ലാ പരീക്ഷകളും മറ്റുള്ളവര്‍ക്ക് ഒപ്പം എഴുതി തീര്‍ത്താണ് പത്ത് എ പ്ലസ് കരസ്ഥമാക്കിയത്.

ജന്മനാ തന്നെ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകള്‍ കൊണ്ട് എഴുതാന്‍ പഠിപ്പിച്ചത്. സിവില്‍ പോലീസ് ഓഫീസറായ ചോയിമഠത്തില്‍ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളാണ് ദേവിക. വൈകല്യത്തിന്റെ പേരില്‍ ഒരു സൗജന്യവും ഒരിക്കല്‍ പോലും ദേവിക വാങ്ങിയിരുന്നില്ല. പഠിച്ച സ്‌കൂളുകളിലെ എല്ലാ അധ്യാപകരും ദേവികയുടെ വിജയത്തിനായി ഒപ്പം നിന്നു.

പഠനത്തില്‍ മാത്രമല്ല കലയിലും പാട്ടിലും ഒന്നാം സ്ഥാനക്കാരിയാണ് ദേവിക. ചിത്രം വരച്ചും പാട്ടു പാടിയും ദേവിക നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇനി പ്ലസ് വണിന് ഹ്യുമാനിറ്റീസ് എടുത്ത് പഠിക്കാനാണ് ദേവികയുടെ തീരുമാനം. ഭാവിയില്‍ സിവില്‍ സര്‍വീസ് നേടണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.

Exit mobile version