ഹിജാബ് ധരിച്ച് ജോലി ചെയ്യാനാകില്ലെന്ന് ആശുപത്രി, എങ്കില്‍ ജോലി വേണ്ടെന്ന് യുവതി; കുറിപ്പ് വൈറല്‍

തൃശ്ശൂര്‍: വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. തങ്ങള്‍ക്കിഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാനും ധരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ പലപ്പോഴും നിയന്ത്രണങ്ങള്‍ വെല്ലുവിളിയാകാറുണ്ട്. അത്തരത്തില്‍ വസ്ത്രധാരണത്തില്‍ പേരില്‍ ആദ്യമായി കിട്ടിയ ജോലിയുപേക്ഷിക്കേണ്ടി വന്ന യുവതിയുടെ കുറിപ്പാണ് സൈബര്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്.

ഫാത്തിമ സെഹ്‌റ എന്ന യുവതിയാണ് ഹിജാബിന്റെ പേരില്‍ ജോലിയുപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് പറയുന്നത്. പ്രമുഖ ആശുപത്രിയില്‍ ജോലികിട്ടിയിട്ടും ഹിജാബ് ധരിക്കാനാവില്ല എന്ന മാനേജ്‌മെന്റിന്റെ കടുംപിടിത്തത്തില്‍ ഫാത്തിമ ജോലി ഉപേക്ഷിക്കുകയായിരുന്നു.

”കഴിഞ്ഞ പോസ്റ്റിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ജോലിയുപേക്ഷിച്ചത്‌ പരാമർശിച്ചതിനെകുറിച്ച് ചോദിച്ച് ഒരുപാട് മെസ്സേജുകൾ ഇൻബോക്സിലേക്കെത്തിയിരുന്നു.

സത്യത്തിൽ കഴിഞ്ഞ ജനുവരിയിൽ എനിക്കുണ്ടായൊരു അനുഭവമായിരുന്നത്‌. ജനുവരി ഏഴിനായിരുന്നു (7/1/2019)എനിക്ക് കോയമ്പത്തൂരിലെ ഒരു ‘പ്രമുഖ’ ആശുപത്രിയിലേക്കുള്ള ഇന്റർവ്യൂ കാൾ വന്നത്.
ഒമ്പതിന് (9/1/2019) തിങ്കളാഴ്ച രാവിലെ അവിടെ എത്തണമെന്നവർ ആവശ്യപ്പെട്ടതനുസരിച്ചു 8ന് രാവിലെ തന്നെ ഞാനും ഉമ്മയും യാത്രതിരിച്ചു.
യാത്രക്കിടയിൽ പഴയ pdf നോട്സും, സ്വന്തം പ്രീപെയർ ചെയ്തുണ്ടാക്കിയ നോട്ടുകളും ഒക്കെ ട്രെയിനിൽ കുത്തിയിരുന്നു ഞാൻ വായിച്ചുകൊണ്ടിരുന്നതിനിടയിലെപ്പോഴോ മെഡിക്കൽ കോളേജിലെ ഡ്യൂട്ടി സമയങ്ങളിലേക്ക് ഓർമ്മകൾ നീണ്ടു പോയി.
എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ ആയിരുന്നുത്‌. അതിന്റെ മുഴുവൻ എക്സൈറ്‌മെന്റും ആവലാതിയുമുണ്ടായിരുന്നെനിക്ക്.

ഞായറാഴ്ച പോത്തന്നൂരിലെ ഒരു ബന്ധുവീട്ടിൽ തങ്ങി തിങ്കളാഴ്ച രാവിലെ നേരത്തെ തന്നെ ഞാൻ ആശുപത്രിയിൽ എത്തി. ആദ്യം അവർ HR മാനേജരെ കാണാൻ ആവശ്യപെട്ടു, അതു കഴിഞ്ഞായിരുന്നു HOD യുടെ ഇന്റർവ്യൂ.
ചുവന്ന നിറത്തിലുള്ള വലിയ ഹിജാബായിരുന്നു ഞാനന്ന് ധരിച്ചിരുന്നത്.
ഇന്റർവ്യൂവിന്റെ ബേജാറിലും, പഠിച്ചതൊക്കെ ചിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലും എന്റെ തട്ടത്തിലേക്കുള്ള എത്തിനോട്ടങ്ങൾ സത്യത്തിൽ ഞാൻ കണ്ടിരുന്നില്ല.

തീരെ വൈകാതെ തന്നെ മെഡിക്കൽ ഡയറക്ടരെ കാണുകയും എന്നെ അവിടെ നിയമിച്ചതായവർ അറിയിക്കുകയും ചെയ്തു. തെറ്റില്ലാത്ത സാലറിയും എനിക്ക് പരിചമുള്ള സിറ്റിയും ആയതുകൊണ്ട് എതിർത്തൊന്നും പറയാനുമുണ്ടായിരുന്നില്ല.
അന്നുച്ചകഴിഞ്ഞു ഞങ്ങൾ വലിയ സന്തോഷത്തോടെ നാട്ടിലേക്ക് യാത്രതിരിച്ചു.

പുതിയ ക്യാൻവാസുകൾ, പെയിന്റുകൾ ,ലിസ്റ്റിലുള്ള പുസ്തകങ്ങൾ, ചെയ്തു തീർക്കേണ്ട യാത്രകൾ, നുണഞ്ഞറിയേണ്ട രുചികൾ ഇങ്ങനെ
ഒരു നീളൻ ലിസ്റ്റിനെ ഞാൻ അവർ പറഞ്ഞ എന്റെ സാലറിയിലേക്ക് ഒത്തുവെച്ചുനോക്കി. പതുക്കെ പതുക്കെ യാത്രകൾക്ക് പൈസ സ്വരൂപിക്കാനുള്ള സൂത്രമൊക്കെ മനസ്സിൽ ഓർത്തുവെച്ചു.
പതിനാലിന് (14/1/19 ) ജോയിൻ ചെയ്യണം എന്നായിരുന്നു പറഞ്ഞത്.
അതിനുമുൻപ് കുറെയേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. കൂടുമാറാനുള്ള ഒരുക്കങ്ങൾ ഞാൻ മെല്ലെ തുടങ്ങിവെച്ചു.
അങ്ങനെയിരിക്കെ (12/1/19)നാണ് ഹോസ്പിറ്റലിൽ നിന്നും വീണ്ടും വിളി വന്നത്. ഹോസ്റ്റൽ സൗകര്യം ഒരുകുന്നതിനെ കുറിച്ചു ചോദിക്കാനായിരുന്നത്. കൂട്ടത്തിൽ അവർ മറ്റൊരു കാര്യം കൂടെ തീരെ സാരമില്ലാത്ത മട്ടിൽ എന്നോട് പറയുകയുണ്ടായി.

‘You can’t wear ‘Hijab’ inside our campus. We have muslim staffs here and they are following the same rule.Hope it will be ok for you’

എന്തോ ഒന്ന് ഉള്ളിലേക്ക് പാഞ്ഞു കയറിയതു പോലെ, ഒരു നിമിഷം പോലും മറുത്തു ചിന്തിക്കേണ്ടി വന്നില്ല എനിക്ക്‌ ആ ജോലി വേണ്ടെന്ന് വെക്കാൻ.

‘But, fathima you can use it outside the campus
right.Then what?’

അവരുടെ ചോദ്യം സത്യത്തിൽ എന്നിൽ ചിരിയാണുണ്ടാക്കിയത്.
‘ഉറപ്പായും ഞാൻ ജോലി ചെയ്യാൻ തയ്യാറാണ്, അതും നിങ്ങൾ ഓഫർ ചെയ്ത സാലറിയിൽ തന്നെ. പക്ഷേ എന്റെ തലയിൽ ഹിജാബുണ്ടാകും അത്രേയുള്ളൂ.. !’

‘Sorry, we can’t let you do that.It will become issue with rest of the muslim staff’s ‘

‘എങ്കിൽ ബാക്കിയുള്ള അപേക്ഷകരിൽ ആരെയെങ്കിലും വിളിച്ചോളൂ.. നന്ദി ‘

ഇത്രമാത്രമായിരുന്നു ആ സംഭാഷണം.
ഇതിനെച്ചൊല്ലി അന്ന് ഇൻസ്റ്റാഗ്രാമിൽ എനിക്ക് അനുകൂലമായും പ്രതികൂലമായും കുറേ മെസ്സേജുകൾ വന്നു. സത്യത്തിൽ ഞാൻ ജോലി ചെയ്യാൻ തയ്യാറല്ല എന്നല്ല പറഞ്ഞത്, മറിച്ചു ജോലി ചെയ്യുന്നുവെങ്കിൽ എന്റെ വസ്ത്രധാരണത്തിൽ ഹിജാബും ഉണ്ടാകും എന്നാണ് പറഞ്ഞത്.
അതുമായി ബന്ധപെട്ട പോളിംഗിൽ 308 പേർ അനുകൂലിക്കുകയും 14 പേർ പ്രതികൂലിക്കുകയും ചെയ്ത്തിരുന്നു.
കൂട്ടത്തിൽ രണ്ട്പേർ ലിബറൽ വാദത്തിൽ കിടന്നു ഊഞ്ഞാലാടി കൊണ്ടിരിക്കുകയും ചെയ്തു . അതിന്റെ ചെറിയൊരു ഭാഗം ഞാൻ അന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മെൻഷൻ ചെയ്തിരുന്നു.

ഹിജാബ് ഇടണം എന്ന് പറയുന്നത് ഇസ്ലാമിക്ക് സ്‌ളേവറിയും അനാചാരവും… ഹിജാബ് അഴിച്ചു പൊട്ട് തൊടുന്നത് പുരോഗമനവാദവും വ്യക്തി സ്വാതന്ത്ര്യവും എന്നാണ് അവരുടെ പക്ഷം.
അവർ പൊട്ട് തൊട്ടും, ഹിജാബിട്ടും ജോലി ചെയ്യുന്നതിനെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ അവർക്ക് വസ്ത്രം ഉപേക്ഷിക്കാനുള്ള അതേ അവകാശം മാത്രമേ എനിക്ക്‌ വസ്ത്രം ധരിക്കാനും ആവശ്യപെടുന്നുള്ളു… !

എന്നോടവർ ഇതിന്റെ റിവേഴ്‌സ് മെക്കാനിസം ആലോചിക്കാനാണ് പറഞ്ഞത്.
ഏതെങ്കിലും ഒരു മുസ്ലിം മാനേജ്‍മെന്റ് ഹോസ്പിറ്റലിൽ ആര് ജോലിക്കു വന്നാലും അവർക്ക് ഹിജാബ് നിർബന്ധമാണെന്ന് പറഞ്ഞാൽ ഈ പറഞ്ഞ വ്യക്തി സ്വാതന്ത്ര്യമോ, ഭരണഘടനാവകാശമോ ഒന്നുമല്ല ഇവിടെയുണ്ടാവുക. പകരം നിസംശയം തീവ്രവാദമെന്നും ISIS റിക്രൂട്മെന്റുന്നുമൊക്കെ പറഞ്ഞു ആ സ്ഥാപനം എപ്പോ നിന്ന് കത്തിയെന്നു നോക്കിയാൽ മതി.

എന്റെ നിലപാട് ഇത്രമാത്രമാണ്,
എന്റെ സ്വത്വം വൃണപ്പെടുത്തുന്ന ഒരു ജോലിയും സ്ഥാനവും എനിക്ക് ആവശ്യമില്ല.
അതെന്റെ വ്യക്തിസ്വാതന്ത്ര്യമാണ്.. !
ഇനിയതിനെ ബലിയാടെന്നും, അനാചാരമെന്നും, അടിമത്തമെന്നുമൊക്കെയാണ് നിങ്ങൾ ചാർത്തി തരുന്ന ലേബൽ എങ്കിൽ ഒന്നേയുള്ളു പറയാൻ,
നിങ്ങൾക്കെന്റെ ‘നല്ലനമസ്കാരം’….!!!”

Exit mobile version