ബിജെപി നേതാവിന് എന്‍എസ്എസിന്റെ പിന്തുണ; പേര് വലിച്ചിഴയ്ക്കുന്നതില്‍ പ്രതിഷേധമറിയിച്ച് എന്‍എസ്എസ്

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് എന്‍എസ്എസിന്റെ പേര് വലിച്ചിഴയ്ക്കുന്നതില്‍ അതൃപ്തി ബിജെപിയെ അറിയിച്ച് എന്‍എസ്എസ് നേതൃത്വം.

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയാണ് ബിജെപിയില്‍ പ്രധാനമായും തര്‍ക്കം നടക്കുന്നത്. ഇവിടത്തെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ പേരുള്ള ഒരു പ്രമുഖ നേതാവിനെ എന്‍എസ്എസ് പിന്തുണയ്ക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി എന്‍എസ്എസ് നേതൃത്വം രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏതെങ്കിലും ഒരു കക്ഷിയ്ക്കെതിരെ പരസ്യമായി രംഗത്തെത്താന്‍ താല്‍പര്യമില്ലാത്തതിനാലാണ് ഈ വിഷയത്തില്‍ പത്രക്കുറിപ്പ് ഇറക്കാത്തതെന്നും എന്‍എസ്എസ് വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത് എന്‍എസ്എസ് ആയിരുന്നു. തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതി നടത്തിയ പ്രതിഷേധ സമരങ്ങള്‍ക്കും എന്‍എസ്എസ് പിന്തുണ നല്‍കി. ശബരിമല വിഷയത്തില്‍ സംഘടന വിശ്വാസികള്‍ക്കൊപ്പമാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എന്‍എസ്എസ് പിന്തുണ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന നേതാവ് സീറ്റു പിടിക്കാന്‍ കളത്തിലിറങ്ങിയത്.

Exit mobile version