യുഡിഎഫ് കോട്ടകളിൽ ചെങ്കൊടി പാറിച്ചത് വിദ്യാർത്ഥി നേതാക്കൾ; ചരിത്രമാവർത്തിക്കാൻ വിപി സാനു

മലപ്പുറം: മൂന്ന് പതിറ്റാണ്ടു മുമ്പത്തെ കേരളരാഷ്ട്രീയ ചരിത്രം മാറ്റിമറിച്ച വിജയം ആവര്‍ത്തിക്കാന്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ രംഗത്ത്. ലീഗ് രാഷ്ട്രീയത്തിലെ അതികായനായ പികെ കുഞ്ഞാലിക്കുട്ടിയെ നേരിടുക എന്ന നിയോഗം എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് വിപി സാനുവിനെ ഏല്‍പ്പിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഓര്‍മ്മിപ്പിച്ചതും മൂന്ന് പതിറ്റാണ്ടു മുമ്പത്തെ ആ രാഷ്ട്രീയ അട്ടിമറി വിജയം തന്നെയാണ്. കൂടാതെ രണ്ട് പതിറ്റാണ്ട് മുമ്പ് പിതാവ് ഏറ്റെടുത്ത നിയോഗം പ്രാവര്‍ത്തികമാക്കാന്‍ മകന്‍ ഇറങ്ങുന്നു എന്ന ചരിത്രം കൂടിയുണ്ട് സാനുവിന്റെ പുതിയ ഉദ്യമത്തില്‍.

ആദ്യത്തേത് 1984ലെ കോട്ടയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രം. ഹാട്രിക് വിജയം തേടിയിറങ്ങിയ കേരളാ കോണ്‍ഗ്രസിലെ സ്‌കറിയാ തോമസിനെ എസ്എഫ്‌ഐ നേതാവായ സുരേഷ് കുറുപ്പ് മലര്‍ത്തിയടിച്ച ആ ചരിത്രം. 5853 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് വിദ്യാര്‍ത്ഥി നേതാവ് ചരിത്രം കുറിച്ചത്. കൂടാതെ തുടര്‍ച്ചയായ ആറാം ജയത്തിനായി കണ്ണൂരില്‍ ഇറങ്ങിയ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച എപി അബ്ദുള്ളക്കുട്ടിയില്‍ തുടങ്ങി സഖാക്കള്‍ വീരഗാഥ രചിച്ച എത്രയോ തിരഞ്ഞെടുപ്പുകള്‍.

വളാഞ്ചേരി സ്വദേശി വിപി സാനു രാജ്യത്തെ വിദ്യാര്‍ത്ഥി അവകാശ സമരങ്ങളുടെ മുന്നണി പോരാളി എന്ന നിലയിലേക്ക് വളര്‍ന്നത് വിദ്യാര്‍ത്ഥി സമരങ്ങളുടെ ഭാഗമായി നിരവധി തവണ പോലീസ് ലാത്തിയുടെ ചൂടും ജയില്‍ വാസത്തിന്റെ കാഠിന്യവും അറിഞ്ഞു തന്നെയാണ്. ജിയുപിഎസ് പൈങ്കണ്ണൂര്‍, ജിഎച്ച്എസ്എസ് കുറ്റിപ്പുറം, വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. വളാഞ്ചേരി എംഇഎസ് കോളേജില്‍ നിന്ന് ബിരുദവും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

ബാലസംഘം മലപ്പുറം ജില്ലാ സെക്രട്ടറി, എസ്എഫ്‌ഐ വളാഞ്ചേരി ഏരിയാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ മാസങ്ങള്‍ നീണ്ട് നിന്ന വിദ്യാര്‍ത്ഥി സമരത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നേതൃത്വം നല്‍കി.

രണ്ടാം തവണയാണ് എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റായി സാനു തെരഞ്ഞെടുക്കപ്പെടുന്നത്. സംഘപരിവാര്‍ രാഷ്ടീയത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയും ദേശീയ തലത്തില്‍ വിദ്യാര്‍ത്ഥി സമരങ്ങളുടെ മുന്‍നിരയില്‍ സാനുവിന്റെ നേതൃത്വമുണ്ടായിരുന്നു.

ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായിരുന്ന കനയ്യകുമാറിനെ ബിജെപി സര്‍ക്കാര്‍ ജയിലിലടക്കുന്നത്. ഇതിനെതിരെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് സമരം നയിച്ച സാനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നജീബ് വിഷയത്തില്‍ രാജ്യതലസ്ഥാനത്തെ വിദ്യാര്‍ത്ഥി പ്രതിഷേധ കേന്ദ്രമായി മാറ്റി തീര്‍ക്കാന്‍ സാനു നേതൃത്വം നല്‍കി. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് രാജ്യത്ത് നടന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ സാനുവിന് അറസ്റ്റ് വരിക്കേണ്ടിവന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് എസ്എഫ്‌ഐ സംഘടിപ്പിച്ച അഖിലേന്ത്യാ ജാഥക്കും ഇക്കാലത്ത് സാനു നേതൃത്വം നല്‍കി.

സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പര്‍ വിപി സക്കറിയയുടേയും റംലയുടേയും രണ്ട് മക്കളില്‍ മൂത്ത മകനാണ് മുപ്പതുകാരനായ വിപി സാനു.1991ല്‍ സാനുവിന്റെ പിതാവ് വിപി സക്കറിയ കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

അഭിമാനത്തോടെയും ആവേശത്തോടെയുമാണ് പാര്‍ട്ടിയുടെ ദൗത്യം ഏറ്റെടുക്കുന്നതെന്ന് വിപി സാനു പറഞ്ഞു. മലപ്പുറം ലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് പറയാന്‍ സാധിക്കില്ല. മലപ്പുറത്ത് വിജയിക്കാന്‍ കഴിയുന്ന സാഹചര്യമാണ്. യുവ സ്ഥാനാര്‍ഥികളെ ഇറക്കിയപ്പോഴെല്ലാം ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നെന്നു സാനു പറഞ്ഞു.

പിതാവിന്റെ പാതയില്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ തന്നെ ഇപ്പോള്‍ മത്സരിക്കുന്നത് ചരിത്രത്തിന്റെ കാവ്യനീതിയായി കാണുന്നുവെന്നു സാനു പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സിപിഎം പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് വിപി സാനു.

Exit mobile version