പാമ്പു കടിയേറ്റത് ആരെയും അറിയിക്കാതെ നീണ്ട പതിനാറുമണിക്കൂര്‍, ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തി കൗമാരക്കാരന്‍

കോട്ടയം: പാമ്പു കടിയേറ്റ് മണിക്കൂറുകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തി പതിനാറുകാരന്‍. ജീവന്റെ വിലയെന്താണെന്ന് ആ പതിനാറുമണിക്കൂറുകള്‍ കൊണ്ട് അബിന്‍ മനസ്സിലാക്കി കഴിഞ്ഞു. അച്ഛനും അമ്മയും വിലക്കിയിട്ടും ബോറടിമാറ്റാന്‍ അബിന്‍ തിരഞ്ഞെടുത്തത് ഊടുവഴിയും മതില്‍ചാട്ടവുമാണ്. മതില്‍ ചാടിയെത്തിയത് നേരെ അണലിയുടെ മുന്നിലേക്കായിരുന്നു.

കടിയേറ്റ് വീട്ടിലെത്തിയ അബിന്‍ തന്റെ പരിമിതമായ പ്രഥമ ശുശ്രൂഷാ അറിവുവച്ച് മുറിവില്‍ നിന്നും വലിയ അളവില്‍ വിഷം കലര്‍ന്ന രക്തം അമര്‍ത്തിക്കളഞ്ഞു. മുറിവ് സോപ്പിട്ട് കഴുകി. സത്യം അച്ഛനോടും അമ്മയോടും പറയണം എന്ന് തോന്നിയെങ്കിലും കുറ്റബോധം അനുവദിച്ചില്ല. കാലില്‍ കല്ലുകൊണ്ട് മുറിഞ്ഞു എന്നാണ് പറഞ്ഞത്. രാത്രി ഏറെ വൈകി ഛര്‍ദ്ദിയും കാലുകളില്‍ നീര്‍ക്കെട്ടും ഉണ്ടായി, അടുത്തുള്ള ആശുപത്രിയിലെത്തി എക്സ്റേ എടുത്തു. ഒടിവൊന്നുമില്ല എന്നു ഉറപ്പാക്കി വീട്ടിലെത്തി, പിറ്റേന്ന് രാവിലെ നീര്‍ക്കെട്ട് ദേഹമാകെ വ്യാപിച്ചു. വീണ്ടും ആശുപത്രിയിലെത്തി. രക്തപരിശോധനയില്‍ പ്ലേറ്റ്ലെറ്റ്സ് വല്ലാതെ കുറയുന്നതായി കണ്ടു. ഉടനടി രാജഗിരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

പാമ്പുകടിയേറ്റ് 16 മണിക്കൂര്‍ കഴിഞ്ഞാണ് അബിനെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. അബിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ മെഡിക്കല്‍ ഡയറക്ടര്‍ എംഎന്‍ ഗോപിനാഥന്‍ നായര്‍ ഉടനടി അബിനെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് കീഴിലുള്ള മെഡിക്കല്‍ ഐസിയുവിലേക്ക് മാറ്റി. ലക്ഷണം വച്ച് പാമ്പുകടി സംശയിച്ചതിനാല്‍ ടോക്സിന്‍ ടെസ്റ്റ് നടത്തി, ആന്റി സ്നേക്ക് വെനം ഇന്‍ജക്ഷന്‍ നല്‍കി. മതില്‍ ചാടി വീട്ടിലെത്തിയ അബിന്‍ പാമ്പുകടിയേറ്റതിനെ കുറിച്ച് മുത്തശ്ശിയോടു ചോദിച്ചത് മുത്തശ്ശി വെളിപ്പെടുത്തി. ഇതോടെ പാമ്പുകടി സ്ഥിരീകരിച്ചു. ഇതിനിടെ ഇരുകവിളുകളുടേയും വശത്തുള്ള പരോട്ടിഡ് ഗ്രന്ഥി വീര്‍ത്തുവന്നു.

അബിന്റെ കാലില്‍ അണുബാധ വളരെ കൂടുതലായി കോശങ്ങള്‍ മരിച്ചിരുന്നു. രക്തം കട്ട പിടിക്കുന്നതിലുള്ള അപാകത മൂലം ശരീരമാസകലം രക്തം പൊടിഞ്ഞുതുടങ്ങി. കിഡ്നി രണ്ടും തകരാറിലായി, തലച്ചോറിനകത്ത് രക്തസ്രാവം ഉണ്ടായി, രണ്ട് കണ്ണിലും ഞരമ്പുപൊട്ടി കാഴ്ച നഷ്ടപ്പെട്ടു, തലച്ചോറില്‍ ഹോര്‍മോണുകളെ നിയന്ത്രിക്കുന്ന പിറ്റിയൂട്ടറി ഗ്രന്ഥി തകരാറിലായി, ഇങ്ങനെ ഒട്ടേറേ പ്രശ്നങ്ങളാണ് പരിഹരിക്കാനുണ്ടായിരുന്നത്. പിന്നീടുള്ള 50 ദിവസം തുടര്‍ച്ചയായി ഡയാലിസിസ്, കാലില്‍ പ്ലാസ്റ്റിക് സര്‍ജറി, തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്നങ്ങള്‍ ഓരോന്നായി പരിഹരിച്ചു.

കണ്ണു ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് അയച്ചു. ഇപ്പോള്‍ കാഴ്ചയും തിരികെ ലഭിച്ചു. അബിന്റെ ജീവന്‍ രക്ഷിക്കാനായത് വലിയ നേട്ടം തന്നെയാണ്. ഈ വിജയം ദൈവകൃപയും രാജഗിരി ആശുപത്രി ടീമിന്റെ വിജയവുമാണെന്ന് ഡോ. ജേക്കബ്ബ് വര്‍ഗ്ഗീസ് പറയുന്നു.

Exit mobile version