പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി: അപേക്ഷകരുടെ വന്‍ തിരക്ക്; ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ നിരസിക്കുന്നതായി പരാതി

തൃശൂര്‍: കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം കിസാന്‍) പദ്ധതി പ്രകാരം ആനുകൂല്യത്തിനായി അപേക്ഷകരുടെ വന്‍ തിരക്ക്. ഇതോടെ അപേക്ഷകള്‍ അതിവേഗം നിരസിക്കാന്‍ ഉദ്യോഗസ്ഥര്‍ വെപ്രാളവും തുടങ്ങി.

കൃഷിഭവനുകളിലെത്തുന്ന കര്‍ഷകരെ അനാവശ്യ കാരണങ്ങളും സംശയങ്ങളുമുയര്‍ത്തി അപേക്ഷ നിരസിക്കുന്നുവെന്നാണ് ആക്ഷേപം. കുറഞ്ഞ സമയപരിധിയായതിനാല്‍ കൃഷിഭവനുകളില്‍ അപേക്ഷയുമായി കര്‍ഷകരുടെ വന്‍ തിരക്കാണ്. എന്നാല്‍ അപേക്ഷ പരിശോധിക്കുന്ന കൃഷി ഉദ്യോഗസ്ഥര്‍ സംശയങ്ങളുയര്‍ത്തി അപേക്ഷകനെ മടക്കുകയാണ്.

രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് നാലുമാസത്തില്‍ 2000 രൂപ വീതം ഒരു സാമ്പത്തിക വര്‍ഷം മൂന്ന് ഗഡുക്കളായി 6000 രൂപ നല്‍കുന്നതാണ് പിഎം കിസാന്‍ പദ്ധതി. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഗഡുവിനാണ് അര്‍ഹത.

24 -ന് പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി ആദ്യ ഗഡു വിതരണം ചെയ്യും. ആദ്യ ഗഡു കിട്ടാന്‍ മാര്‍ച്ച് 31 വരെയും രജിസ്റ്റര്‍ ചെയ്യാമെന്നും കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നുമാണ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ വിശദീകരണം. തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് ലഭിക്കുക. ചില കൃഷിഭവനുകളിലാണ് കര്‍ഷകര്‍ ഉദ്യോഗസ്ഥരുടെ സംശയങ്ങളില്‍ വലയുന്നത്.

കുറഞ്ഞ സ്ഥല വിസ്തൃതി പദ്ധതിയില്‍ പറഞ്ഞിട്ടില്ല. പക്ഷേ പല സ്ഥലത്തും 10 സെന്റ് വേണമെന്നു പറയുന്നു. റേഷന്‍ കാര്‍ഡില്‍ മുതിര്‍ന്ന മക്കള്‍ ഉണ്ടെന്ന കാരണം, അപേക്ഷയോടൊപ്പം കര്‍ഷക രജിസ്ട്രേഷന്‍ നമ്പര്‍ വേണം, ചില സ്ഥലത്ത് ഫോട്ടോ വേണം, അപേക്ഷകന്‍ നേരിട്ടു വരണം, ഇതൊന്നും പോരാതെ അര്‍ഹത ഇല്ലെന്നും തുടങ്ങി വിവിധ കാരണങ്ങളും സംശയങ്ങളുമാണ് കൃഷി ഓഫീസര്‍മാര്‍ ഉന്നയിക്കുന്നത്. ഒടുവില്‍ ഗതി കെട്ട് അപേക്ഷകര്‍ മടങ്ങി പോരുകയാണ്.

പദ്ധതിക്ക് വളരെ ലഘുവായ നിബന്ധനകളാണുള്ളതെന്നും വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അതനുസരിച്ചാണ് അപേക്ഷകള്‍ സ്വീകരിക്കേണ്ടതെന്നും മന്ത്രി പറയുമ്പോഴാണ് ഓരോ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ അപേക്ഷകരെ മടക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ഇതിനകം അപേക്ഷ സമര്‍പ്പിച്ച പദ്ധതിയില്‍ ഇനിയും ആയിരങ്ങളാണ് അപേക്ഷയുമായി കൃഷിഭവനുകളില്‍ എത്തുന്നത്.

Exit mobile version