ജവാന്റെ മൃതദേഹത്തിനരികെ നിന്നും ഫോട്ടോ; അധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നടപടി, ഡിജിപിക്ക് പരാതി നല്‍കി അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ മൃതദേഹത്തിനരികെ നിന്നുള്ള ഫോട്ടോ പ്രചരിക്കുന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡിജിപിക്ക് പരാതി നല്‍കി.

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. വസന്തകുമാറിന്റെ മൃതദേഹത്തിനരികെ നിന്നുള്ള ഫോട്ടോ വെച്ച് തെറ്റായ പ്രചാരണം നടത്തുന്നുവെന്നും കണ്ണന്താനം പരാതിയില്‍ ആരോപിക്കുന്നു.

സൈനികന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ മൃതശരീരത്തിന് മുന്നില്‍ നിന്ന് പകര്‍ത്തിയ ചിത്രം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ ചിത്രത്തെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റും ചിത്രവും വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസ്തുത പോസ്റ്റ് അക്കൗണ്ടില്‍ നിന്നും നിന്നും പിന്‍വലിച്ചു.

വിവി വസന്തകുമാറിന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ സെല്‍ഫി എടുത്തെന്ന ആരോപണം തെറ്റാണെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വിശദീകരിച്ചു. വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന തന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് ആ ചിത്രമെന്നാണ് കണ്ണന്തത്തിന്റെ വിശദീകരണം. തന്റെ ഫേസ്ബുക്കിലൂടെയാണ് കണ്ണന്താനം വിശദീകരണവുമായെത്തിയത്.

Exit mobile version