രാജ്യത്തിന് വേണ്ടി ജീവിച്ച പട്ടാളക്കാരനാണ് എന്റെ ഭര്‍ത്താവ്, ഞങ്ങളുടെ തീരാനഷ്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ ഭാര്യ

തന്റെ ഭര്‍ത്താവ് രാജ്യത്തിന് വേണ്ടി ജീവിച്ച പട്ടാളക്കാരനായിരുന്നുവെന്നും അദ്ദേഹം ആ ജോലിയെ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നും ഷീന പറഞ്ഞു

വയനാട്: പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബം തങ്ങളുടെ തീരാനഷ്ടത്തിനിടയില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു. വലിയൊരു ദുരന്തം നേരിട്ട ഞങ്ങളുടെ കുടുംബത്തിനൊപ്പം രാജ്യം മുഴുവന്‍ നിന്നുവെന്ന് കൊല്ലപ്പെട്ട ജവാന്റെ ഭാര്യ ഷീന പറഞ്ഞു.

തന്റെ ഭര്‍ത്താവ് രാജ്യത്തിന് വേണ്ടി ജീവിച്ച പട്ടാളക്കാരനായിരുന്നുവെന്നും അദ്ദേഹം ആ ജോലിയെ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നും ഷീന പറഞ്ഞു. രാജ്യത്തിന് സേവനം ചെയ്യുന്നതിനെ കുറിച്ചാണ് അദ്ദേഹം എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും എല്ലാ ഉത്തരവാദിത്തങ്ങളും ചെയ്തിരുന്ന ആളായിരുന്നു അദ്ദേഹം.

തനിക്ക് ഇനി മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഓര്‍ത്താണ് പേടിയെന്നും ഷീന വ്യക്തമാക്കി. അവരെ നന്നായി വളര്‍ത്തണം. സര്‍ക്കാര്‍ സഹായിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. കുടുംബം നേരിട്ട ഈ വലിയ ദുരന്തത്തില്‍ രാജ്യം മുഴുവന്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. ആ പിന്തുണ ഇനിയും വേണമെന്നും അവര്‍ പറഞ്ഞു.

Exit mobile version