മൂന്നാറില്‍ കാണാതായ തോട്ടം തൊഴിലാളിയുടെ തിരോധാനത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ : അന്വേഷണം തമിഴ്‌നാട്ടിലേക്ക്

Plantation worker | Bignewslive

തൊടുപുഴ : മൂന്നാറില്‍ ഒന്നരമാസം മുമ്പ് കാണാതായ തോട്ടം തൊഴിലാളിയുടെ തിരോധാനത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ധനശേഖറിനെ (36) കണ്ടെത്താനുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്ക് നീളുന്നു.

ഏപ്രില്‍ 20ന് തോട്ടത്തിലെ ജോലിക്കിടയിലാണ് ധനശേഖറിനെ കാണാതായത്.തോട്ടത്തില്‍ മരുന്ന് തളിച്ചിരുന്ന തൊഴിലാളികള്‍ക്ക് ചായ വാങ്ങാന്‍ രാവിലെ 9.15ന് പോയ ധനശേഖറിനെ പിന്നീട് കാണാതാവുകയായിരുന്നു. പുലിയുടെ ആക്രമണമാകാം എന്ന സംശയത്തില്‍ തോട്ടം തൊഴിലാളികളും പോലീസും വനം വാച്ചര്‍മാരും ദിവസങ്ങളോളം പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.എസ്റ്റേറ്റിലെ മരുന്ന് മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് മൂലം ഒളിവില്‍ പോയതാകാമെന്ന സംശയവും പോലീസിനുണ്ട്.

മൂന്നാര്‍ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തമിഴ്‌നാട്ടില്‍ ധനശേഖറിന്റെ ബന്ധുക്കള്‍ താമസിക്കുന്ന വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തി.ഉദുമല,തിപ്പൂര്‍,പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് നോട്ടീസും പതിച്ചിട്ടുണ്ട്.ഭാര്യാമാതാവ് ഹൃദയമേരിയെ ആണ് ധനശേഖര്‍ അവസാനമായി ഫോണില്‍ വിളിച്ചത്.സംസാരിക്കുന്നതിനിടെ സഹായമഭ്യര്‍ഥിക്കുംപോലെ മറ്റൊരാളെ ഉച്ചത്തില്‍ വിളിച്ചെന്നും തുടര്‍ന്ന് ഫോണ്‍ കട്ടായെന്നും ഹൃദയമേരി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

മൊബൈല്‍ ഫോണ്‍ എടുക്കാതെ പോയതിനാല്‍ ഈ രീതിയിലുള്ള അന്വേഷണം സാധ്യമല്ല. സീസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സൂചനകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ധനശേഖറിന്റെ ഭാര്യ ഗീത ഉള്‍പ്പടെ ഇരുപതോളം പേരെ പോലീസ് ചോദ്യം ചെയ്തു

Exit mobile version