മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്: നിറംമങ്ങിയ വിജയവുമായി ലീഗിന്റെ സമദാനി; കരുത്ത് കാണിച്ച് വിപി സാനു; കൈയ്യിലെ വോട്ട് പോലും പിടിക്കാതെ അബ്ദുള്ളക്കുട്ടി

samadani-and-sanu

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല, മുസ്ലിം ലീഗ് കോട്ട കാത്ത ആശ്വാസത്തിൽ അബ്ദുസമദ് സമദാനിക്ക് പാർലമെന്റിലേക്ക് വിജയം. പാർട്ടി ശക്തി കേന്ദ്രമായ മലപ്പുറത്ത് ഭൂരിപക്ഷത്തിൽ ഗണ്യമായ വോട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി വിപി സാനുവിനെതിരെ സമദാനിയുടെ വിജയം 1,14,615 വോട്ടുകൾക്കാണ്. 2019ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ മുസ്ലിംലീഗിന്റെ ഭൂരിപക്ഷം വലിയതോതിൽ കുറഞ്ഞത് ചർച്ചയാവുകയാണ്. പികെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

20019ൽ ലീഗ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് 2,60,153 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ലഭിച്ചിരുന്നത്. സാനു തന്നെയായിരുന്നു അന്നും എൽഡിഎഫ് സ്ഥാനാർത്ഥി. ഒരു ലക്ഷത്തിനടുത്ത് വോട്ടുകൾ, കൃത്യമായി പറഞ്ഞാൽ 93913 വോട്ടുകൾ ഇത്തവണ സാനുവിന് അധികം നേടാനായി. പാർട്ടി വോട്ടുകളിലെ വിള്ളലാണ് ഇതെന്ന് മുസ്ലിം ലീഗും കണക്കു കൂട്ടുന്നു.

അതേസമയം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച എപി അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചയത്രയും വോട്ട് ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സമുദായ സമവാക്യം പോലും അബ്ദുള്ളക്കുട്ടിയെ തുണച്ചില്ല.

ഇത്തവണത്തെ വോട്ട് നില:

അബ്ദുസമദ് സമദാനി (യുഡിഎഫ്) 5,38,248
വിപി സാനു (എൽഡിഎഫ്) 4,23,633
എപി അബ്ദുള്ളക്കുട്ടി 68,935

മലപ്പുറത്തെ 2019ലെ ഫലം

പികെ കുഞ്ഞാലിക്കുട്ടി (യുഡിഎഫ്) 5,89,873
വിപി സാനു(എൽഡിഎഫ്)3,29,720
ഉണ്ണികൃഷ്ണൻ (ബിജെപി) 82332

Exit mobile version