തണ്ടൊടിഞ്ഞ് താമര; കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായി ബിജെപി, ആകെയുണ്ടായിരുന്ന നേമം സീറ്റും പിടിച്ച് ഇടതുപക്ഷം

BJP Keralam | Bignewslive

തിരുവനന്തപുരം: ഒടുവില്‍ താമരയുടെ തണ്ട് ഒടിഞ്ഞു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായി ബിജെപി മാറി. 2016ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് ബിജെപിയിലെ മുതിര്‍ന്ന നേതാവായ ഒ രാജഗോപാല്‍ ജയിച്ചു കയറിയത് തുറപ്പു ചീട്ടാക്കിയ ബിജെപി നേതൃത്വത്തിന് 2021 ലെ തെരഞ്ഞെടുപ്പ് തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഉണ്ടായിരുന്ന അക്കൗണ്ട് കൂടി ക്ലോസ് ചെയ്തതോടെ നേതൃത്വവും കടുത്ത ആശങ്കയിലാണ്.

തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ നാല് സീറ്റുകള്‍ വരെ കയറി വന്നിരുന്നുവെങ്കിലും ഏറ്റവുമൊടുവില്‍ പൂജ്യത്തിലേയ്ക്ക് എത്തുകയായിരുന്നു. നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും തൃശ്ശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് ഇ ശ്രീധരന്‍ നായരുമായിരുന്നു തുടക്കം ലീഡ് നിലനിര്‍ത്തിയരുന്നത്. രണ്ടാം പകുതി എണ്ണി തുടങ്ങുമ്പോഴേയ്ക്കും കുമ്മനം രാജശേഖരനും സുരേന്ദ്രനും പിന്നിലേയ്ക്ക് പോയിരുന്നു.

പിന്നീട് ലീഡ് നിലനിര്‍ത്തിയിരുന്നത്, സുരേഷ് ഗോപിയും ഇ ശ്രീധരന്‍ നായരുമായിരുന്നു. എന്നാല്‍ പിന്നീടുള്ള മണിക്കൂറുകളില്‍ അവസാന നിമിഷം വരെ ലീഡ് ഉയര്‍ന്നുവെങ്കിലും ഫോട്ടോ ഫിനിഷിംഗിലേയ്ക്ക് എത്തുമ്പോള്‍ രണ്ടുപേരും പിന്നിലേയ്ക്ക് തള്ളപ്പെടുകയായിരുന്നു. തൃശ്ശൂരില്‍ ഇടതുപക്ഷവും പാലക്കാട് യുഡിഎഫും വിജയകൊടി പാറിക്കുകയായിരുന്നു.

ഇതോടെ ബിജെപി സംപൂജ്യത്തിലേയ്ക്ക് എത്തി നില്‍ക്കുന്നത്. ജയിക്കുമെന്ന് ഉറപ്പിച്ച് പാലക്കാട് ഇ ശ്രീധരന്‍ എംഎല്‍എ ഓഫീസ് എടുത്തതും വീടെടുത്തതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പതിനായിരത്തിന് മേലെ ലീഡ് ഉണ്ടാകുമെന്നും ഇ ശ്രീധരന്‍ പ്രഖ്യാപിച്ചിരുന്നു. ഈ വാദങ്ങളാണ് ഇന്ന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ തകര്‍ന്നടിഞ്ഞത്.

കോന്നിയിലും മഞ്ചേശ്വരത്തും വിജയസാധ്യത കണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രണ്ടിടത്ത് നിന്നത്. കോന്നിയില്‍ ശബരിമല വിഷയം എടുത്ത് പ്രചാരണത്തിന് ഇറങ്ങിയിട്ടും ജയം ഉറപ്പിക്കാന്‍ കെ സുരേന്ദ്രന് കഴിയാത്തത് നേതൃത്വത്തില്‍ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മഞ്ചേശ്വരത്തും വിജയസാധ്യതയുണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതും ബിജെപിക്ക് തിരിച്ചടിയാവുകയായിരുന്നു. കേന്ദ്രത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് കേരളത്തില്‍ ബിജെപി വളരാത്തതില്‍ അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version