വന്‍മുന്നേറ്റം, ആദ്യഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം

തിരുവനന്തപുരം: വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ ജനവിധി എന്താണെന്ന് ഇന്ന് അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. മിക്ക മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്.

പാലാ, വട്ടിയൂര്‍ക്കാവ്, വൈക്കം, കോഴിക്കോട് നോര്‍ത്ത്, തളപ്പറമ്പ്, ധര്‍മ്മടം, തവനൂര്‍, കളമശേരി, കൊട്ടരക്കര, നിലമ്പൂര്‍, പയ്യന്നൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ആറ്റിങ്ങല്‍, കോവളം, കൊല്ലം, കുണ്ടറ, ആലുവ, ഇരിക്കൂര്‍, പേരാവൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്.

അതേസമയം, നേമത്തും ചാത്തന്നൂരിലും ബിജെപി മുന്നിട്ട് നില്‍ക്കുന്നു. ആദ്യഘട്ടത്തില്‍ തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങുമ്പോള്‍ ധര്‍മ്മടത്ത് പിണറായി വിജയനാണ് ലീഡ് ചെയ്യുന്നത്. 957 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ അണി നിരന്നത്.

40,771 ബൂത്തുകളിലായി രേഖപ്പെടുത്തിയ രണ്ട് കോടിയിലധികം വോട്ടുകളാണ് ജനവിധി നിശ്ചയിക്കുന്നത്. തപാല്‍ വോട്ടിന് ശേഷം എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും.

Exit mobile version