അടുത്ത അഞ്ച് വര്‍ഷം ആര്..? നെഞ്ചിടിപ്പോടെ കേരളം; വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യം തപാല്‍ വോട്ടുകള്‍

Vote Counting | Bignewslive

തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഇന്ന് വിരാമമാകുന്നു. അടുത്ത മണിക്കൂറുകളില്‍ ഏകദേശ ചിത്രം തെളിയുമെന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോള്‍ വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണില് ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

കേരളത്തെ കൂടാതെ തമിഴ്‌നാട്. പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന ഉപതെരഞ്ഞെടുപ്പുകളിലേയും ജനവിധിയാണ് ഇന്ന് അറിയുന്നത്. സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളുമാണ് എണ്ണുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകളാണ് ഉപയോഗിക്കുന്നത്.

ശനിയാഴ്ച വരെ തിരികെ ലഭിച്ച തപാല്‍ ബാലറ്റുകള്‍ 4,56,771 ആണ്. ഇന്ന് രാവിലെവരെ വോട്ടുരേഖപ്പെടുത്തിയ തപാല്‍ബാലറ്റുകള്‍ വരണാധികാരിക്ക് നല്‍കാമെന്നാണ് ചട്ടം. അതേസമയം, വോട്ടെണ്ണലിനെ തുടര്‍ന്നുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്കായി നിരത്തിലിറങ്ങിയാല്‍ പിടിവീഴും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുനിരത്തുകളില്‍ ശക്തമായ പോലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്ത് ആളുകൂടാന്‍ അനുവദിക്കുകയുമില്ല.

Exit mobile version