ഈ യുദ്ധം നമ്മള്‍ ജയിക്കും! മഹാമാരിക്കെതിരെയുള്ള മനുഷ്യരാശിയുടെ ചെറുത്ത് നില്‍പ്പ്, പിന്തുണയുമായി നടി മഞ്ജുവാര്യര്‍

കൊച്ചി: രാജ്യത്ത് ഇന്ന് ആരംഭിച്ച കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന് പിന്തുണയുമായി നടി മഞ്ജുവാര്യരും. ഇത് മനുഷ്യരാശിയുടെ ചെറുത്തുനില്‍പ്പാണെന്നും ഈ മഹാമാരിയെ ഒരു മനസ്സോടെ നമുക്ക് നേരിടാമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ മഞ്ജു പറഞ്ഞു.

‘നമസ്‌കാരം, രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിന് തുടക്കമാകുകയാണ്. കൊവിഡ് എന്ന മഹാമാരിക്കെതിരായുള്ള മനുഷ്യരാശിയുടെ ചെറുത്ത് നില്‍പ്പാണിത്. ഈ യുദ്ധം നമ്മള്‍ ജയിക്കും. കൊവിഡ് വാക്‌സീന്‍ വിതരണ യജ്ഞത്തിന് ഒരേ മനസ്സോടെ നമുക്ക് അണിചേരാം’.

മഹാമാരിയിക്കെതിരെയുള്ള കുത്തിവയ്പ്പ് ആരംഭിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ജനങ്ങള്‍. ലക്ഷക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരും മുന്നണി പോരാളികളുമാണ് വാക്‌സീന്‍ സ്വീകരിക്കുന്നത്. വാക്‌സീനേഷന്‍ വിജയകരമാകുമെന്നും ഈ ദുരിതകാലത്തു നിന്നും മോചനം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഓരോരുത്തരും.

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യുഎച്ച്ഒ, യൂണിസെഫ്, യുഎന്‍ഡിപി തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

Exit mobile version