ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി കെട്ടിയയാള്‍ പിടിയില്‍; മാനസിക രോഗിയെന്ന് പോലീസ് റിപ്പോര്‍ട്ട്

പാലക്കാട്: നഗരസഭാ വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയയാള്‍ പിടിയില്‍. പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച്ച രാവിലെ 7.45 നാണ് ഒരു വ്യക്തി നഗരസഭയിലെ മതില്‍ ചാടി കടക്കുന്നത്. നേരെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലേക്ക് നടക്കുന്നു. കോണി വഴി മുകളില്‍ കയറി ബിജെപി പതാക പ്രതിമയില്‍ കെട്ടിവെക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബിജെപിയുടെ കൊടി കെട്ടിയത്. താഴെ ഇറങ്ങിയതിനു ശേഷം അല്‍പ്പ സമയം ചെലവിട്ട ശേഷമാണ് കൊടി കെട്ടിയ വ്യക്തി നഗരസഭ വളപ്പില്‍ നിന്നും പോകുന്നത്.

നഗരസഭ കൗണ്‍സില്‍ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കണ്ടത്. വിവരമറിഞ്ഞതിന് പിന്നാലെ കണ്‍സില്‍ ഹാളില്‍ നിന്ന് പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരെത്തി പ്രതിഷേധിച്ചു. പിന്നാലെയെത്തിയ പൊലീസ് കൊടി അഴിച്ചുമാറ്റി.

കെഎസ്‌യുവും ഡിവൈഎഫ്‌ഐയും പിന്നീട് പ്രതിഷേധവുമായെത്തി. പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തി സംരക്ഷണ വലയം തീര്‍ത്തായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം. സംഭവത്തില്‍ പങ്കില്ലെന്നും സാമൂഹ്യവിരുദ്ധരാണ് കൊടികെട്ടിയതിന് പിന്നിലെന്നും ബിജെപി പ്രതികരിച്ചിരുന്നു.

Exit mobile version