തെരുവിന്റെ മക്കളേയും ആരോരുമില്ലാത്തവരേയും കൈവിടാതെ സർക്കാർ; പട്ടിണിയിലാകുന്ന തെരുവിൽ കഴിയുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങൾ ഭക്ഷണമെത്തിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ദുരിതത്തിലാകുന്ന ഓരോരുത്തരേയും പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ മാതൃകാ നടപടികൾ. ഓരോ പ്രദേശത്തും വീട്ടില്ലാതെ തെരുവുകളിൽ കഴിയുന്ന ഒട്ടേറെപ്പേരുണ്ടെന്നും അത്തരം ആളുകൾക്ക് കിടന്നുറങ്ങാനും ഭക്ഷണം നൽകാനും ഉള്ള സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഞ്ചായത്ത് അധ്യക്ഷൻമാർ എംഎൽഎമാരെ ബന്ധപ്പെട്ട് വാർഡുകളിലെ ദൈനംദിന കാര്യങ്ങൾ വിലയിരുത്തണം.

ലോക്ക് ഡൗൺ മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾ എല്ലാ വാർഡുകളിലും ഉണ്ടാവും. നിത്യവൃത്തി ചെയ്തു ജീവിക്കുന്നവരും പ്രായമായമാരും ഭിന്നശേഷിക്കാരും മാത്രമുള്ള കുടുംബങ്ങൾക്കും സഹായം ആവശ്യമാണ്. ഇങ്ങനെ പാർശ്വവത്കരിക്കപ്പെട്ട നിത്യവൃത്തിക്ക് വഴിയില്ലാത്ത കുടുംബങ്ങളുടേയും വീടുകളുടേയും വിവരങ്ങൾ വാർഡ്തല സമിതി ശേഖരിക്കണം. അവർക്ക് വേണ്ട ഭക്ഷണവും മരുന്നും മറ്റു സഹായങ്ങളും എത്തിച്ചു കൊടുക്കും.

ഐസൊലേഷനിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുക മാത്രമല്ല മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസിംലിങ് ഏർപ്പെടുത്തുകയും വേണം. ഇതിനായി എംഎൽഎമാരും നേതൃത്വം വഹിക്കണം. ഇതോടൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരൻമാരുടെ സുരക്ഷ ഉറപ്പു വരുത്തുകയും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും വേണം. ഇതും എംഎൽഎയുടെ ഉത്തരവാദിത്തമാണ്. പ്രാദേശികതലത്തിൽ ആളുകൾ ഐസൊലേറ്റ് ചെയ്യാൻ പറ്റിയ ഇടങ്ങൾ എംഎൽഎമാർ കണ്ടുപിടിക്കണം.

ഐസൊലേഷൻ വാർഡിൽ പ്രത്യേകം വസ്ത്രം ധരിച്ച് രോഗികളേയും നിരീക്ഷണത്തിലുള്ളവരേയും പരിചരിക്കുന്ന നഴ്‌സുമാരുടെ സംഘത്തേയും നാം കൃതജ്ഞതയോടെ ഓർക്കണം. ഇതുകൂടാതെ ആശുപത്രിയിലെ സുരക്ഷശുചീകരണ ജീവനക്കാർ, നിരീക്ഷണത്തിലുള്ളവരെ പിന്തുടരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശാ വർക്കർമാരും ഇവരെയെല്ലാം നാം ഓർക്കണം. സ്വന്തം കുടുബത്തെ പോലും മറന്ന് നാടിന് വേണ്ടി പ്രവർത്തിക്കുന്ന അവരുടെ കാര്യം ആരോഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം.

തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ ചെറിയ സംഘങ്ങളായി പുനക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാർക്ക് സമീപത്ത് തന്നെ താമസ സൗകര്യം ഒരുക്കും. ആശുപത്രികളിൽ കഴിയുന്നവർക്ക് ബൈസ്റ്റാൻഡർമാർ ഇല്ലാത്ത അവസ്ഥ വന്നാൽ ആ ജോലി ആരോഗ്യപ്രവർത്തകരെ ഏൽപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ഉയർന്നുവരുന്ന വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ യുവജനങ്ങൾ മുന്നോട്ട് വരേണ്ടതുണ്ട്. ബൈ സ്റ്റാൻഡർമാർ അടക്കം വിവിധ ജോലികൾ ചെയ്യാൻ അവർ മുന്നോട്ട് വരണം. ഈ ഘട്ടം പരിക്കില്ലാതെ കടന്നു പോകാനാണ് നാം ശ്രമിക്കുന്നത്.അതിന് യുവജനങ്ങളുടെ ആവേശവും അധ്വാനവും ആവശ്യമാണ്. യുവാക്കൾ മുന്നിട്ടിറങ്ങേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

Exit mobile version