നാടന്‍ ആണെന്ന് കരുതി ആരും തള്ളിക്കളയേണ്ട, ചേമ്പ് ചില്ലറക്കാരനല്ല

മറ്റു കിഴങ്ങു വര്‍ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത

പലര്‍ക്കും ഇന്നത്തെ കാലത്ത് നാടന്‍ ഭക്ഷണത്തോട് പുച്ഛമാണ്. എല്ലാവര്‍ക്കും പായ്ക്കറ്റ് ഭക്ഷണം മതി. എന്നാല്‍ നാടന്‍ ആണെന്ന് പറഞ്ഞ് തള്ളിക്കളയുന്ന ഭക്ഷണത്തിലൊക്കെ പോഷകങ്ങളുടെ കലവറ തന്നെയുണ്ട്. അത്തരത്തില്‍ ഒന്നാണ് ചേമ്പ്. മറ്റു കിഴങ്ങു വര്‍ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത. ഇതിലടങ്ങിയിട്ടുള്ള നാരുകളാണ് ദഹനപ്രക്രിയ സുഗമമാക്കുന്നത്. ചേമ്പ് ആഴ്ച്ചയില്‍ ഒരിക്കല്ലെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവില്‍ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്.

ചേമ്പിന് അകാല വാര്‍ദ്ധക്യത്തെ ചെറുക്കാനുള്ള കഴിവുണ്ട്. ഇതിലടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം തുടങ്ങിയവയാണ് വാര്‍ദ്ധക്യത്തെ തടയുന്ന ഘടകങ്ങള്‍. ചേമ്പില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുണ്ട്. ഡയേറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്.

വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനെയും മുടി കൊഴിച്ചിലിനേയും പ്രതിരോധിയ്ക്കുന്നു. വിറ്റാമിന്‍ സി, എ യും ചേമ്പില്‍ അടങ്ങിയിട്ടുണ്ട്. ഉത്കണ്ഠ, വിഷാദം എന്നിവയെ പ്രതിരോധിക്കുന്നതിലൂടെ മാനസികാരോഗ്യവും സംരക്ഷിക്കാന്‍ ചേമ്പ് സഹായിക്കും. ചേമ്പില്‍ അടങ്ങിയിട്ടുള്ള സോഡിയം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്താന്‍ സഹായിക്കും.

Exit mobile version