പേര് പോലെ തന്നെ കേമനാണ് വന്‍പയര്‍

കിഡ്നിയുടെ ആകൃതിയുള്ളതിനാല്‍ കിഡ്നി ബീന്‍ എന്നറിയപ്പെടുന്ന വന്‍പയറില്‍ പോഷകങ്ങളുടെ കലവറ തന്നെയുണ്ട്

നമ്മുടെ വീട്ടിലെ അടുക്കളയില്‍ ഒരു വിലയും നല്‍കാതെ നമ്മള്‍ മാറ്റി നിര്‍ത്തിയിരിക്കുന്ന ഒന്നാണ് ഈ വന്‍പയര്‍. പലര്‍ക്കും ഇതിന്റെ പോഷകഗുണങ്ങളെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. കിഡ്നിയുടെ ആകൃതിയുള്ളതിനാല്‍ കിഡ്നി ബീന്‍ എന്നറിയപ്പെടുന്ന വന്‍പയറില്‍ പോഷകങ്ങളുടെ കലവറ തന്നെയുണ്ട്.

പ്രോട്ടീന്റെ കലവറയാണ് വന്‍പയര്‍. സസ്യാഹാരികള്‍ക്ക് ഇറച്ചിക്കു പകരം വയ്ക്കാവുന്ന ഒന്നാണ് വന്‍പയര്‍. 100 ഗ്രാം വന്‍പയറില്‍ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാല്‍സ്യം, അന്നജം, നാരുകള്‍ എന്നിവ ധാരാളമായുണ്ട്. ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താന്‍ സഹായിക്കുന്ന ആന്റി ഓക്സിഡേറ്റീവ് ഗുണങ്ങള്‍ വന്‍പയറിലുണ്ട്. ഇതിലടങ്ങിയ മാംഗനീസ് ആണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ജീവകം ബി1 വന്‍പയറില്‍ ധാരാളമായിട്ടുണ്ട്. ഇത് ബൗദ്ധികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും മറവിരോഗം, അല്‍ഷിമേഴ്സ് ഇവ വരാതെ തടയാനും സഹായിക്കും.

വന്‍പയര്‍ പ്രമേഹരോഗികള്‍ക്ക് വളരെ നല്ലതാണ്. ശരീരത്തിലെ ഷുഗറിന്റെ അളവു നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കും. പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ വന്‍പയര്‍ സഹായിക്കും. അന്നജവും ഭക്ഷ്യധാന്യങ്ങളും കൂടുതലുള്ള വന്‍പയര്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാനും ഭക്ഷ്യനാരുകള്‍ മലബന്ധം അകറ്റാനും സഹായിക്കും.

ചര്‍മത്തിലെ ചുളിവുകള്‍, മുഖക്കുരു എന്നിവ അകറ്റാനും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും വന്‍പയര്‍ സഹായിക്കും. വന്‍പയറില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം മൈഗ്രേന്‍ തടയാന്‍ സഹായിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ് വന്‍പയര്‍.

Exit mobile version