കോവാക്‌സിന്‍ ഫലപ്രാപ്തി പരിശോധന തുടരുന്നു : അംഗീകാരം സംബന്ധിച്ച തീരുമാനം ഒക്ടോബറിലെന്ന് ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി : കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഒക്ടോബറിലെന്ന് ലോകാരോഗ്യസംഘടന. ഏറ്റവും പുതിയ കോവിഡ് വാക്‌സീനുകളുടെ മൂല്യനിര്‍ണയ നടപടികള്‍ തുടരുകയാണെന്നും കോവാക്‌സീന്‍ പരീക്ഷണത്തിന്റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങള്‍ പരിശോധിക്കുകയാണെന്നും സംഘടന അറിയിച്ചു.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്‌സീനായ കോവാക്‌സിന് ഈ വര്‍ഷം ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇന്ത്യയെ കൂടാതെ ഇറാന്‍, ഗയാന, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാള്‍, പാരഗ്വായ്, ഫിലിപ്പീന്‍സ്, സിംബാവേ എന്നിവയാണ് കോവാക്‌സിന് അംഗീകാരം നല്‍കിയിരിക്കുന്ന രാജ്യങ്ങള്‍. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കോവാക്‌സിന്‍ നിര്‍മിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചാല്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യാന്തര യാത്രകള്‍ക്കുള്ള തടസ്സം നീങ്ങും. ക്ലിനിക്കല്‍ ഡാറ്റ പൂര്‍ണമായും സമാഹരിച്ച് ജൂലൈയില്‍ തന്നെ ലോകാരോഗ്യസംഘടനയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.

ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സീനുകളില്‍ കോവിഷീല്‍ഡ് മാത്രമാണ് ലോകാരോഗ്യസംഘടനയുടെ പട്ടികയിലുള്ളത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരും മരുന്ന് കമ്പനിയായ ആസ്ട്രസെനെകയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നിര്‍മിക്കുന്നത്. ഫൈസര്‍ ബയോടെക്ക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മോഡേണ, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്.

Exit mobile version