കോവിഡ് വന്നവരില്‍ 9 മാസത്തിന് ശേഷവും ആന്റിബോഡികള്‍ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് ബാധിച്ചവരില്‍ ഒന്‍പത് മാസത്തിന് ശേഷവും ആന്റിബോഡികള്‍ ശരീരത്തില്‍ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെയും പാദുവ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പഠനഫലം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2020 ഫെബ്രുവരി- മാര്‍ച്ച് കാലത്ത് കോവിഡ് ബാധിച്ച ഇറ്റലിയിലെ 3000 ആളുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനുശേഷം ഇവരില്‍ അതേവര്‍ഷം മേയിലും നവംബറിലും പരിശോധന നടത്തിയപ്പോഴും വൈറസിനെതിരായ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായി.

ഫെബ്രുവരി-മാര്‍ച്ച് കാലഘട്ടത്തില്‍ അണുബാധയുണ്ടായവരില്‍ 98.8 ശതമാനം ആളുകളിലും അതേവര്‍ഷം നവംബറിലും ആന്റിബോഡികള്‍ നിലനില്‍ക്കുന്നുവെന്നാണ് കണ്ടെത്തിയത്.

ലക്ഷണങ്ങളോടെയും ലക്ഷണങ്ങളില്ലാതെയും കോവിഡ് ബാധിതരായവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസം ഇല്ലായിരുന്നുവെന്നും പഠനത്തില്‍ പറയുന്നു.

Exit mobile version