വാക്‌സിനേഷന്‍ ഇന്ത്യയില്‍ കോവിഡ് മരണസാധ്യത 0.4% ആയി കുറച്ചെന്ന് പഠനം

Vaccination | Bignewslive

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് മൂലമുണ്ടാകുന്ന മരണസാധ്യത 0.4% ആയി കുറയ്ക്കാന്‍ വാക്‌സീനുകള്‍ക്ക് സാധിച്ചുവെന്ന് പഠനറിപ്പോര്‍ട്ട്. മരണസാധ്യതയ്‌ക്കൊപ്പം തന്നെ ആശുപത്രിവാസവും ഗണ്യമായി കുറയ്ക്കാന്‍ വാക്‌സീനുകള്‍ക്ക് സാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട് .

ഇന്ത്യയില്‍ വാക്‌സീന്‍ ലഭിച്ചതിന് ശേഷം രോഗബാധയുണ്ടായവരില്‍ 0.4 ശതമാനം മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. 10 ശതമാനത്തിന് മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ നിവേദിത ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ വ്യക്തമാക്കുന്നു. 677 കോവിഡ് രോഗികളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ച 86 ശതമാനം പേര്‍ക്കും ബാധിച്ചത് ഡെല്‍റ്റ വകഭേദമാണെന്ന് കണ്ടെത്തി.

വാക്‌സീന്‍ സ്വീകരിക്കുന്നത് രോഗതീവ്രത കുറയ്ക്കുമെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ വാക്‌സിനേഷന്‍ ദൗത്യം ത്വരിതപ്പെടുത്തി കൂടുതല്‍ ആളുകള്‍ക്ക് പ്രതിരോധ ശേഷി നല്‍കുകയാണ് കോവിഡ് തരംഗങ്ങള്‍ ചെറുക്കാന്‍ ഉത്തമമാര്‍ഗമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version