സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കാത്ത വാക്‌സീനുണ്ടെങ്കില്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആന്ധ്ര

Covid vaccine | Bignewslive

അമരാവതി : സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കാതെ ഇരിക്കുന്ന വാക്‌സീനുണ്ടെങ്കില്‍ സംസ്ഥാനത്തിന് നല്‍കണമെന്ന് കേന്ദ്രത്തോട് ആന്ധ്ര സര്‍ക്കാര്‍. ജൂലൈയില്‍ സംസ്ഥാനത്തിന് നല്‍കിയ 53,14,740 ഡോസുകളില്‍ 17,71,580 ഡോസും സ്വകാര്യ ആശുപത്രികള്‍ക്ക് അനുവദിച്ചിരുന്നു. ഇതില്‍ ഉപയോഗിക്കാത്ത വാക്‌സീനുണ്ടെങ്കില്‍ തിരിച്ച് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

സ്വകാര്യ ആശുപത്രികള്‍ക്ക് ഇത്രയും ഡോസിന്റെ ആവശ്യമില്ലെന്നും അനുവദിച്ചതില്‍ പകുതി പോലും അവര്‍ ഉപയോഗിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ അറിയിച്ചു. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വിവിധ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് പ്രധാനമന്ത്രി നടത്തിയ കോണ്‍ഫറന്‍സിലാണ് ആന്ധ്ര ആവശ്യം ഉന്നയിച്ചത്.ഉപയോഗിക്കാതെ ബാക്കി വന്ന വാക്‌സീന്‍ സംസ്ഥാനത്തിന് തിരിച്ചു നല്‍കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

കോവിഡ് മഹാമാരിയില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച സഹായത്തിന് നന്ദി അറിയിച്ച മുഖ്യമന്ത്രി ആന്ധ്രയില്‍ കോവിഡ് നിയന്ത്രണവിധേയമാണെന്നും അറിയിച്ചു.നിലവില്‍ 24,854 ആക്ടീവ് കേസുകളാണ് ആന്ധ്രയിലുള്ളത്. ഇതുവരെ 18,96,499 പേര്‍ സുഖം പ്രാപിച്ചു. 13,097 പേര്‍ മരിച്ചു.

Exit mobile version