ഡെല്‍റ്റ വകഭേദം വ്യാപിക്കാന്‍ സാധ്യത : മൂന്നാം ഡോസിന് അനുമതി തേടി ഫൈസറും ബയോണ്‍ടെക്കും

vaccine | Bignewslive

വാഷിംഗ്ടണ്‍ : കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ മൂന്നാം ഡോസിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വാക്‌സീന്‍ നിര്‍മാതാക്കളായ ഫൈസറും ബയോണ്‍ടെക്കും.

മൂന്നാം ഡോസ് എടുക്കുന്നത് വൈറസിനെതിരെ കൂടുതല്‍ ഫലപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രണ്ട് കമ്പനികളും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അമേരിക്ക, യൂറോപ്പ് രാജ്യങ്ങളില്‍ മൂന്നാം ഡോസിനുള്ള അനുമതിക്കായി ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു.
ആദ്യ രണ്ട് ഡോസുകളെ അപേക്ഷിച്ച് മൂന്നാം ഡോസ് എടുക്കുന്നവരില്‍ ആന്റിബോഡിയുടെ അളവ് 5-10 ഇരട്ടി വര്‍ധിക്കുന്നതായി നടന്നുകൊണ്ടിരിക്കുന്ന ചില പഠനങ്ങള്‍ സൂചന നല്‍കുന്നു. ബീറ്റ വകഭേദത്തെ മുന്‍നിര്‍ത്തിയുള്ള ഈ പഠനഫലം ഡെല്‍റ്റ വകഭേദത്തിനും ബാധകമാണെന്നാണ് കരുതുന്നതെന്ന് കമ്പനികള്‍ പറയുന്നു. ഡെല്‍റ്റ വകഭേദത്തിനെതിരെ പ്രത്യേക വാക്‌സീന്‍ നിര്‍മിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കി.

രോഗവ്യാപന ശേഷി കൂടിയ കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റ ഇന്ത്യയില്‍ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ലോകരാജ്യങ്ങള്‍ വീണ്ടും മുന്‍കരുതല്‍ നടപടികളിലേക്ക് കടന്നത്.പുതിയ വകഭേദം സൃഷ്ടിക്കുന്ന രോഗവ്യാപനം തടയുന്നതിന് വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കാനും പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിന് മൂന്നാം ഡോസ് നല്‍കുന്നതിനെക്കുറിച്ച് അമേരിക്ക അടക്കമുളള രാജ്യങ്ങള്‍ ആലോചിക്കുന്നത്.

Exit mobile version